ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ പിരിച്ചുവിടാം -ഹൈകോടതി
text_fieldsകൊച്ചി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ വിദ്യാഭ്യാസ ചട്ടത്തിലെ (കെ.ഇ.ആർ) വ്യവസ്ഥകൾ പാലിക്കേണ്ടതില്ലെന്ന് ഹൈകോടതി. പോക്സോ കേസിൽ ശിക്ഷിച്ചെന്ന കാരണത്താൽ വിദ്യാഭ്യാസ ചട്ടത്തിലെ നടപടിക്രമങ്ങൾ പാലിക്കാതെ പിരിച്ചുവിട്ടതിനെതിരെ കോട്ടയത്തെ എയ്‌ഡഡ് സ്‌കൂളിൽ അധ്യാപകനായിരുന്ന മഹേഷ് തമ്പി നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സോഫി തോമസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ വിധി.
വിദ്യാർഥിനിയെ അശ്ലീലചിത്രം കാണിച്ചതിനു പോക്സോ കേസിൽ ഹരജിക്കാരനെ കോടതി ആറുവർഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. അപ്പീലിൽ ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം ഹൈകോടതി അനുവദിച്ചുമില്ല. ഈ സാഹചര്യത്തിലാണ് മഹേഷ് തമ്പിയെ പിരിച്ചുവിട്ടത്. ഇതിനെതിരെ നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. ശിക്ഷാനടപടി സ്വീകരിക്കുംമുമ്പ് കാരണംകാണിക്കൽ നോട്ടീസ് നൽകി കുറ്റാരോപിതനെ കേൾക്കണം, പിരിച്ചുവിടുന്നതിന് വിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതി വേണം എന്നിങ്ങനെ കേരള വിദ്യാഭ്യാസ ചട്ടത്തിൽ പറയുന്ന വ്യവസ്ഥകൾ പാലിക്കാതെയാണ് പിരിച്ചുവിട്ടതെന്ന് ഹരജിക്കാരൻ വാദിച്ചു.
എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 311 (2) ൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട കേന്ദ്ര -സംസ്ഥാന സർവിസുകളിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മറ്റൊരു അന്വേഷണമോ നടപടികളോ വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. തുടർന്നാണ് അപ്പീൽ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.