മണി എക്സ്ചേഞ്ച് സ്ഥാപന ഉടമയെ മർദിച്ച് നാലരലക്ഷം കവർന്ന സംഘം പിടിയിൽ
text_fieldsതിരുവനന്തപുരം: തമ്പാനൂരിൽ മണി എക്സ്ചേഞ്ച് സ്ഥാപനയുടമയെ മർദിച്ച് 4,35,000 രൂപ കവർച്ച ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ മൂന്നംഗ സംഘത്തെ െപാലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക് ജില്ലയിൽ വീരസവർക്കർ നഗറിൽ ശശാങ്ക് ശ്യാം പവാർ (29), താനെ കല്യാൺ മന്താദിത്താലിയ റീജൻസി സർവത്തിൽ സാഗർ ഗിരീഷ് ചിറ്റ്നിസ് (44), വീരസവർക്കർ നഗറിൽ അശ്വിൻ ഷറാദ് കാലെ (25) എന്നിവരെയാണ് തമ്പാനൂർ െപാലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 30ന് വൈകീട്ട് തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുള്ള ക്ലാസിക് സരോവർ ഹോട്ടലിലാണ് സംഭവം. പ്രതികൾ ഹോട്ടലിലെ അഞ്ചാം നിലയിലുള്ള സ്യൂട്ട് റൂം വാടകക്ക് എടുത്ത് മാഞ്ഞാലിക്കുളം റോഡിലെ മണി എക്സ്ചേഞ്ച് സ്ഥാപനം നടത്തുന്ന ഫൈസലിനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
ഒന്നാം പ്രതി ശശാങ്ക് ശ്യാം പവാർ ഈ ഹോട്ടലിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6000 ഡോളർ എക്സ്ചേഞ്ച് ചെയ്യാൻ ഇന്ത്യൻ രൂപ കൊണ്ടുവരാൻ ഫോണിൽ ബന്ധപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് ഫൈസൽ 4,35,000 രൂപയുമായി ഹോട്ടൽ റൂമിൽ എത്തിയത്. മുറിയിൽ കാത്തിരുന്ന ശശാങ്ക് ശ്യാം പവാർ ഡോളർ റിസപ്ഷനിൽ ഇരിക്കുന്നു, അവിടെ പോയി എടുത്ത് കൊണ്ടുവരാമെന്നും പണം മുൻകൂറായി തരണമെന്നും ആവശ്യപ്പെട്ടു.
സംശയം തോന്നിയ ഫൈസൽ ഡോളർ കൊണ്ടുവന്നാേല പണം തരുകയുള്ളൂവെന്ന് പറഞ്ഞതോടെ രണ്ടാം പ്രതി സാഗർ ഗിരീഷുമായി ചേർന്ന് ഫൈസലിനെ മർദിച്ച് പണം തട്ടിയെടുത്ത് ഓടുകയുമായിരുന്നു. തുടർന്ന് മൂന്നാം പ്രതി അശ്വിൻ ഷറാദ് പിടിച്ചുകൊണ്ടുവന്ന ടാക്സി കാറിൽ കയറിപ്പോവുകയുമായിരുന്നു.
ഫൈസൽ അറിയിച്ചതനുസരിച്ച് തമ്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിലെ സി.സി.ടി.വിയിൽ നിന്ന് ടാക്സി കാർ നമ്പർ മനസ്സിലാക്കുകയും കാർ ഡ്രൈവറുടെ ഫോൺ നമ്പർ കണ്ടുപിടിച്ച് പ്രതികൾ അറിയാതെ ഡ്രൈവറെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. െപാലീസ് നിർദേശിച്ചപ്രകാരം ഡ്രൈവർ കല്ലമ്പലം െപാലീസ് സ്റ്റേഷന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങി ഓടിയ പ്രതികളെ കല്ലമ്പലം െപാലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു.
പ്രതികളിൽ നിന്ന് പണവും െപാലീസ് കണ്ടെടുത്തു. പ്രതികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സമാനമായ നിരവധി കവർച്ചകൾ നടത്തിയിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരം ഈ സംസ്ഥാനങ്ങളിലെ െപാലീസിന് കൈമാറുമെന്ന് ഡെപ്യൂട്ടി െപാലീസ് കമീഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തമ്പാനൂർ എസ്.എച്ച്.ഒ ബൈജു, എസ്.ഐമാരായ സുധീഷ്, വിവേക്, വിമൽ, എസ്.സി.പി.ഒമാരായ സഞ്ജു, രാകേഷ് എന്നിവരടങ്ങിയ െപാലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.