ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി
text_fieldsഅങ്കോള: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി. മൽപെയിലെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്. ആങ്കർ സ്ഥാപിച്ച് പുഴയിൽ മുങ്ങാനുള്ള സാധ്യതകളാണ് ഇവർ പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ കനത്ത അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.
അതേസമയം, പ്രതികൂല കാലാവസ്ഥ തന്നെയാണ് അർജുനെ കണ്ടെത്തുന്നതിനുള്ള പ്രധാന വെല്ലുവിളി. ഷിരൂരിൽ ഇപ്പോഴും മഴ തുടരുകയാണ്. ഷിരൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. നദിയിൽ നാലോളം സ്ഥലങ്ങളിൽ നിന്നും ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നൽ ലഭിച്ചിരുന്നുവെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് ഗംഗാവലിയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.
എന്നാൽ, രക്ഷാപ്രവർത്തനം നിർത്തില്ലെന്നും കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഉൽയോഗിച്ച് തെരച്ചിൽ വ്യാപിപ്പിക്കുമെന്നും കോഴിക്കോട് എം.പി എം.കെ രാഘവൻ അറിയിച്ചു. മുങ്ങൽ വിദഗ്ധർക്ക് ഉപയോഗിക്കാനുള്ള ഫ്ലോട്ടിങ് പാന്റൂൺ (ചങ്ങാടത്തിന് സമാനമായ ഉപകരണം) എത്തിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
അത് എത്തിച്ചാലും കാലാവസ്ഥ കടമ്പകൾ മറികടക്കേണ്ടതുണ്ട്. ഈ പുഴയിൽതന്നെ നിരവധിപേരെ കാണാതായിട്ടുണ്ട് എന്ന വാദവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.