ഫണ്ട് വിനിയോഗം, സ്ഥാനാർഥി നിർണയം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വീഴ്ചയെന്ന് മൂന്നംഗ സമിതി റിപ്പോർട്ട്
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം ചെയ്യുന്നതിലും സ്ഥാനാർഥി നിർണയത്തിലും എ-ബി ക്ലാസ് മണ്ഡലങ്ങളിലെ പ്രചാരണത്തിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മൂന്നംഗ സമിതിയുടെ റിപ്പോർട്ട്. സിറ്റിങ് സീറ്റിലെയും പാലക്കാട് അടക്കം വിജയസാധ്യത പ്രതീക്ഷിച്ച ഏതാനും മണ്ഡലങ്ങളിലും പ്രചാരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രവർത്തകരെ സജീവമാക്കുന്നതിലും തെരഞ്ഞെടുപ്പ് ഫണ്ട് കൈമാറുന്നതിലും വീഴ്ച സംഭവിച്ചു. ഇപ്പോഴത്തെ നേതൃത്വത്തിൽ താെഴതട്ടിലടക്കം പ്രവർത്തകർക്ക് വിശ്വാസം നഷ്ടമായെന്നും മുൻ ഡി.ജി.പി ജേക്കബ് തോമസ്, സി.വി. ആനന്ദബോസ്, ഇ. ശ്രീധരൻ എന്നിവർ കേന്ദ്രനേതൃത്വത്തിന് നൽകിയ റിപ്പോർട്ടിലുണ്ട്.
മൂന്നുപേരും വെവ്വേറെ റിപ്പോർട്ടാണ് സമർപ്പിച്ചത്. പാലക്കാട്ടും കാഞ്ഞിരപ്പള്ളിയിലും തൃപ്പൂണിത്തുറയിലും ചാലക്കുടിയിലും അടക്കം പലയിടത്തും സ്ഥാനാർഥികൾക്ക് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ല. ചിലയിടങ്ങളിൽ പ്രവർത്തകർ സജീവമായില്ല. വോട്ട് കൃത്യമായി ചെയ്യിക്കുന്നതിലും വീഴ്ച സംഭവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുപോലും കിട്ടാത്ത മണ്ഡലങ്ങളുണ്ട്. വോട്ട് എങ്ങനെ നഷ്ടമായി എന്ന വിലയിരുത്തൽപോലും നടക്കുന്നില്ല.
പാർട്ടിയെ താഴെതട്ടിൽ വളർത്താനുള്ള നടപടികളില്ല. സ്ഥാനാർഥികളെ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ നേരത്തേ നിശ്ചയിക്കാമായിരുന്നു. എന്നാൽ, മുന്നൊരുക്കംപോലും നടത്തിയില്ല. നേതൃനിരയിലെ ഭിന്നത പരിഹരിക്കാൻ കഴിയാത്തതും തിരിച്ചടിയായി. ഗ്രൂപ്പുകൾകൊണ്ട് സംസ്ഥാന നേതൃത്വം അലങ്കോലമാണെന്നും റിപ്പോർട്ടിലുണ്ട്. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിൽ നേതൃത്വം താൽപര്യം കാണിക്കുന്നില്ല. ഉള്ളവരാകട്ടെ വിവിധ കാരണങ്ങളാൽ അസ്വസ്ഥരുമാണ്. അർഹമായ പരിഗണന നൽകുന്നതിലും നേതൃത്വത്തിന് വീഴ്ച സംഭവിച്ചു. മതനേതൃത്വത്തിനും മറ്റും എതിരെയുള്ള വിമർശനങ്ങൾ പലപ്പോഴും അതിരുവിട്ടു.
ശബരിമല അടക്കം വിവിധ പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നതിൽ വീഴ്ച പറ്റി. ശബരിമല സമരവുമായി ബന്ധപ്പെട്ട് പാർട്ടിപ്രവർത്തകർക്കും അനുഭാവികൾക്കും എതിരെ എടുത്ത കേസുകൾ തുടർന്നും കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം കാട്ടിയ അലസത ബഹുഭൂരിപക്ഷെത്തയും പാർട്ടിയിൽനിന്ന് അകറ്റി എന്നതടക്കം പരാമർശങ്ങളടങ്ങിയതാണ് റിപ്പോർട്ട്. ബി.ഡി.ജെ.എസ് അടക്കം മുന്നണിയിലെ പലരുമായും ഏകോപനം നടത്തിയില്ലെന്ന ആരോപണവും റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. പാലാ-കാഞ്ഞിരപ്പള്ളിയടക്കം ഏതാനും മണ്ഡലങ്ങളിലെ ദയനീയ പരാജയം അേന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാനാർഥികൾ നൽകിയ പരാതിയും ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.