മൂന്ന് വയസ്സുകാരൻ 75 അടി താഴ്ചയുള്ള കിണറ്റിൽ വീണു; സാഹസികമായി രക്ഷപ്പെടുത്തി എക്‌സൈസ് സി.ഐ
text_fieldsനെയ്യാറ്റിന്‍കര (തിരുവനന്തപുരം): കളിക്കുന്നതിനിടെ കാല്‍വഴുതി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ മൂന്ന് വയസ്സുകാരന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രക്ഷകനായി. ഒറ്റശേഖരമംഗലം മൈലച്ചല്‍ ജി.എന്‍ ഭവനില്‍ പ്രവീണ്‍-അഞ്ജു ദമ്പതികളുടെ മകന്‍ ഋഷികേശിനെയാണ് അയല്‍വാസിയും ഇടുക്കി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് എന്‍ഫോഴ്‌സ്‌മെന്‍റ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുമായ സുരേഷ് കുമാര്‍ രക്ഷിച്ചത്.
75 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ മകന്‍ വീഴുന്നത് കണ്ട് മാതാവ് നിലവിളിച്ച് റോഡിലേക്കിറങ്ങുമ്പോള്‍ വീടിന് മുന്നില്‍ കാര്‍ കഴുകുകയായിരുന്നു സുരേഷ്‌കുമാര്‍. ഉടൻ തന്നെ ഓടിയെത്തി കയറില്‍ പിടിച്ച് കിണറ്റിലിറങ്ങുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ മകൻ അനന്തകൃഷ്ണനും സഹായത്തിനെത്തി.
പമ്പുസെറ്റില്‍ ബന്ധിച്ച കയറില്‍ പിടിച്ചുകിടന്ന കുട്ടിക്ക് വീഴ്ചയില്‍ കാര്യമായ പരിക്കേറ്റിരുന്നില്ല. കിണറിന് ഒരുവശം തറനിരപ്പിന് സമാനമയിട്ടുള്ള കൈവരിയിലൂടെയാണ് കുട്ടി കിണറ്റിലേക്ക് വീണത്.
കിണറിൽ രണ്ടാൾപ്പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. കയറില്‍ പിടിച്ചുനിന്ന കുട്ടിയെ വാരിയെടുത്ത് സാരിയില്‍ ചേർത്തുകെട്ടി മുകളിലേക്ക് കയറ്റി. പെട്ടെന്ന് കിണറ്റിലേക്കിറങ്ങിയതിനാല്‍ സുരേഷ്‌കുമാറിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. കരയിലെത്തിച്ച കുട്ടിക്ക് ഫസ്റ്റ് എയ്ഡ് നല്‍കിയശേഷം ആശുപത്രിയിലെത്തിക്കാനും ഇദ്ദേഹം നടപടി സ്വീകരിച്ചു. സ്വന്തം ജീവന്‍ പണയപ്പെടുത്തി കിണറ്റിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച സുരേഷ് കുമാറിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.