കലത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ അഗ്നിരക്ഷസേന പുറത്തെടുത്തു
text_fieldsകോട്ടയം: മീനടത്ത് അലൂമിനിയം കലത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരനെ അഗ്നിരക്ഷസേന പുറത്തെടുത്തു. പാമ്പാടി മീനടം പൊത്തൻ പുറംഭാഗത്ത് ഇളംപള്ളിൽ നീരജാണ് (മൂന്ന്) കലത്തിനുള്ളിൽ കുടുങ്ങിയത്.കിടപ്പുരോഗിയെ പരിചരിക്കാൻ വീട്ടിലെത്തിയ പഞ്ചായത്ത് പാലിയേറ്റിവ് നഴ്സിെൻറയും ആരോഗ്യ പ്രവർത്തകരുടെയും ഇടപെടലാണ് കുട്ടിയെ വേഗം പുറത്തെത്തിക്കാൻ ഇടയാക്കിയത്.
ഇവർ വീട്ടിലെത്തിയപ്പോൾ അലൂമിനിയം കലത്തിനുള്ളിൽ കുത്തിയിരിക്കുന്ന മൂന്ന് വയസ്സുകാരനെയും രക്ഷപ്പെടുത്താൻ വീട്ടുകാർ പാടുപെടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ ആശങ്ക വർധിപ്പിച്ചു. ഉടൻ പാലിയേറ്റിവ് നഴ്സ് സൂസൻ, ആശാ വർക്കർ ഷീല, ആംബുലൻസ് ഡ്രൈവർ ജിജിമോൻ മുണ്ടിയാക്കൽ എന്നിവർ ദൗത്യം ഏറ്റെടുത്തു.
ഇതിനിടെ വിവരം പഞ്ചായത്ത് പ്രസിഡൻറ് മോനിച്ചൻ കിഴക്കേടത്തിനെ അറിയിച്ചു.തുടർന്ന് ആംബുലൻസിൽ പാമ്പാടി ഫയർഫോഴ്സ് ആസ്ഥാനത്ത് കുട്ടിയെ എത്തിച്ചു. ഉദ്യോഗസ്ഥർ കുട്ടിയെ പുറത്തെടുത്ത് മാതാപിതാക്കൾക്ക് നൽകി. ഒപ്പം കേടുപാടുകൾ ഇല്ലാതെ കലവും. ഇതോടെ കരച്ചിലടങ്ങിയ കുരുന്നുമുഖത്ത് സന്തോഷചിരി വിടർന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.