കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം
text_fieldsമണ്ണാര്‍ക്കാട് (പാലക്കാട്): മണ്ണാര്‍ക്കാടിന് സമീപം കോട്ടോപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ദാരുണാന്ത്യം. മേക്കളപ്പാറ കുന്തിപ്പാടത്തിന് സമീപം മുപ്പതേക്കറില്‍ പൂവത്താനി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് നാല് വയസ്സ് തോന്നിക്കുന്ന ആണ്‍പുലി കുടുങ്ങിയത്.
ഞായറാഴ്ച പുലര്‍ച്ച ഒന്നോടെയാണ് സംഭവം. കൂടിന്റെ ഇരുമ്പുവലയുടെ കണ്ണികളില്‍ കൈ കുടുങ്ങിയുണ്ടായ രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോഴികളുടെ കരച്ചിലും നായുടെ കുരയും കേട്ട് ഫിലിപ് പുറത്തിറങ്ങിയപ്പോഴാണ് കോഴിക്കൂട്ടിൽ പുലിയെ കണ്ടത്.
ഇരുമ്പുവലകൊണ്ട് മറച്ച കൂടിന്റെ മുകള്‍ഭാഗത്തെ വിടവിലൂടെയാണ് പുലി അകത്ത് കടന്നതെന്നാണ് കരുതുന്നത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈ വലക്കണ്ണികള്‍ക്കിടയില്‍ കുടുങ്ങി മുറിഞ്ഞു.
പുലർച്ച ഒന്നേകാലോടെതന്നെ മണ്ണാര്‍ക്കാടുനിന്ന് വനം വകുപ്പ് ആര്‍.ആര്‍.ടിയും വനപാലകരുമെത്തി. മുന്‍കരുതലെന്നോണം കൂടിന് മുകളില്‍ വനപാലകര്‍ വല വിരിച്ചു. കൂട്ടില്‍നിന്ന് മണിക്കൂറുകളോളം മുരള്‍ച്ചയും ചലനങ്ങളും കേട്ടിരുന്നു. പിന്നീട് ശബ്ദം കേള്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് വനപാലകര്‍ പിറകിലൂടെ ചെന്ന് നോക്കിയപ്പോള്‍ പുലി അനക്കമറ്റ നിലയിലായിരുന്നു. രാവിലെ 7.15ഓടെ മരണം സ്ഥിരീകരിച്ചു.
ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയെ സ്ഥലത്തെത്തിച്ച് മയക്കു വെടിവെച്ച് പിടികൂടാനായിരുന്നു തീരുമാനം. ഇതിനിടെയാണ് ചത്തത്. വലതുകൈയുടെ മുട്ടിന് താഴെയും കൈപ്പത്തിക്കിടയിലുമുള്ള ഭാഗമാണ് വലക്കണ്ണികള്‍ക്കിടയില്‍ കുടുങ്ങിയത്. കട്ടര്‍ ഉപയോഗിച്ച് വലക്കണ്ണികള്‍ മുറിച്ചാണ് കൂട്ടില്‍നിന്ന് പുലിയെ വേര്‍പെടുത്തിയത്.
പിന്നീട് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ചു. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഡോ. ഡേവിഡ്, ഡോ. അരവിന്ദ്, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം പുലിയെ സംസ്കരിച്ചു. ആന്തരികാവയവങ്ങൾ പരിശോധനക്കയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.