പൊന്മുടിയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു
text_fieldsവിതുര: പൊന്മുടി 22ാം ഹെയർ പിൻ വളവിൽ വനം വകുപ്പ് ഓഫിസിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന നാലുപേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം.
രാവിലെ പൊന്മുടിയിലേക്ക് പോയ സംഘത്തിലെ ഒരാൾക്ക് മഞ്ഞും തണുപ്പും കാരണം ശ്വാസംമുട്ടനുഭവപ്പെട്ടതിനെ തുടർന്ന് അവിടെ തങ്ങാതെ പെട്ടന്ന് മടങ്ങുകയായിരുന്നു. മടക്ക യാത്രക്കിടയിൽ ഫോറസ്റ്റ് ഓഫിസിന് സമീപം ചെറിയ കലുങ്ക് തകർന്ന് കാർ കൊക്കയിലേക്ക് വീഴുകയായിരുന്നു.
മരങ്ങളിൽ തട്ടിത്തട്ടി കാർ 500 മീറ്റർ താഴേക്ക് പോയി നിന്നു. ഇതിനിടയിൽ കാറിലുണ്ടായിരുന്ന നവജ്യോതി എന്ന യാത്രക്കാരൻ കാറിൽ നിന്നും പുറത്തുചാടി രക്ഷപ്പെട്ടു. ഇയാൾ മുകളിലേക്ക് ഓടിക്കയറി. മറ്റു മൂന്ന് പേർ കാറിൽ കുടുങ്ങിക്കിടന്നു. അഞ്ചൽ, എരൂർ സ്വദേശികളായ നവജ്യോതി, ആദിൽ, അമൽ, ഗോകുൽ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടവിവരമറിഞ്ഞ് വിതുരയിൽ നിന്ന് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. വടം കെട്ടി അതിൽ തൂങ്ങിയാണ് താഴെക്കിടന്ന കാറിനടുത്തെത്തിയത്. വളരെ ശ്രമപ്പെട്ട് കാറിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു.
പിന്നീട് ഓരോരുത്തരെയായി മുള കമ്പിൽ പുതപ്പുകെട്ടി അതിൽ കിടത്തി തോളിലേറ്റിയാണ് റോഡിലെത്തിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെയും വിതുര താലൂക്കാശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.