പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു
text_fieldsകൽപറ്റ: പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു. കൽപറ്റ മുണ്ടേരി മരവയൽ കോളനിയിലെ ഉണ്ണി-വള്ളി ദമ്പതികളുടെ മകളും കണ്ണൂർ ആറളം സ്വദേശി സുനിലിന്റെ ഭാര്യയുമായ അമൃത (26) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11ഓടെയാണ് മരണം.
മേയ് രണ്ടിന് വൈകീട്ടാണ് കൽപറ്റ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ അമൃത ആൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് ആരോഗ്യനില വഷളായതോടെ അമൃതയെയും കുഞ്ഞിനെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്നു മേയ് മൂന്നിന് രാവിലെ അമൃതയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൈനാട്ടിയിലെ കൽപറ്റ ജനറൽ ആശുപത്രി അധികൃതരുടെ ചികിത്സപ്പിഴവാണ് അമൃതയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രസവ സമയത്ത് കുട്ടിയുടെ തല പുറത്തേക്കു വരാത്ത സാഹചര്യത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കൈനാട്ടി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു.
അടിയന്തരമായി വിദഗ്ധ ചികിത്സ ആവശ്യമായതുകൊണ്ടാണ് സ്വകാര്യ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരം അറിയാനാകൂവെന്നും അദ്ദേഹം പറഞ്ഞു. അമൃതയുടെ കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല.
അമൃതയുടെ ആദ്യ പ്രസവമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ടോടെ അമൃതയുടെ മൃതദേഹം മരവയൽ ആദിവാസി ശ്മശാനത്തിൽ സംസ്കരിക്കും. സഹോദരൻ: അനീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.