കുഞ്ഞാലിക്കുട്ടിയെ പോലൊരു ട്രബ്ൾ ഷൂട്ടർ കേരള രാഷ്ട്രീയത്തിൽ അനിവാര്യം -ഷിബു ബേബി ജോൺ
text_fieldsതിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയെ പോലൊരു ട്രബ്ൾ ഷൂട്ടർ കേരള രാഷ്ട്രീയത്തിൽ അനിവാര്യമാെണന്ന് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോൺ. കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കേരളരാഷ്ട്രിയത്തിലേക്കുള്ള മടങ്ങിവരവ് വിവാദമാക്കാന്‍ ചിലർ ശ്രമിക്കുന്നത് ഏറെ ദൗര്‍ഭാഗ്യകരമാണെന്നും ഷിബു ബേബി ജോൺ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
കുഞ്ഞാലിക്കുട്ടി തികഞ്ഞൊരു മതേതരവാദിയാണെന്നും ഒരിക്കലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തെ പോലൊരു നേതാവ് ഐക്യജനാധിപത്യമുന്നണിക്ക് നേതൃത്വം നൽകാൻ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹമാണെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.
ഷിബു ബേബി ജോണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെയോ മുസ്ലീം മതവിഭാഗത്തിൻ്റെയോ മാത്രം നേതാവായി കാണാൻ വർഗീയ കണ്ണുള്ളവർക്ക് മാത്രമെ സാധിക്കുകയുള്ളു. ഈ നൂറ്റാണ്ടിലും ഇടുങ്ങിയ ചിന്താഗതിയും പേറി നടക്കുന്നവരാണ് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിൽ അസ്വസ്ഥരാകുന്നത്.
എന്‍റെ വ്യക്തിപരമായ അനുഭവത്തിൽ കേരള രാഷ്ട്രീയത്തിലെ തന്നെ വളരെ തഴക്കവും പഴക്കവും ചെന്ന അനുഭവസമ്പന്നനായ ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രതിസന്ധിഘട്ടത്തെയും സ്വതസിദ്ധമായ ശൈലിയിലൂടെ നേരിടാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ഈ കാലഘട്ടത്തിൽ അദ്ദേഹത്തെ പോലൊരു ട്രബിൾ ഷൂട്ടർ കേരള രാഷ്ട്രീയത്തിൽ അനിവാര്യമാണ്. മാത്രവുമല്ല, അദ്ദേഹം തികഞ്ഞൊരു മതേതരവാദി കൂടിയാണ്.
ഇത്രയും വര്‍ഷത്തെ പരിചയത്തിനിടയില്‍ ഒരിക്കല്‍ പോലും സങ്കുചിത മതമൗലിക വാദത്തിന്റെ ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ആ നിലയിലെല്ലാം അദ്ദേഹത്തെ പോലൊരു നേതാവ് ഐക്യ ജനാധിപത്യമുന്നണിയ്ക്ക് നേതൃത്വം നൽകാൻ മുന്നോട്ടു വരുന്നത് സ്വാഗതാര്‍ഹം തന്നെയാണ്.
യു.ഡി.എഫിന്‍റെ നേതൃനിരയിലേക്ക് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നത് മുന്നണിയ്ക്ക് ഉണർവുണ്ടാകുമെന്ന് തിരിച്ചറിവുള്ള, അതിനെ ഭയക്കുന്ന രാഷ്ട്രീയ ശക്തികളാണ് ഇപ്പോള്‍ കോലാഹാലങ്ങള്‍ സൃഷ്ടിക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള സഖ്യത്തിന് ഇപ്പോള്‍ വര്‍ഗീയതയുടെ നിറം നൽകി ജനങ്ങൾക്കിടയിൽ വേർതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് അവര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും വിവാദങ്ങള്‍ സൃഷ്ടിച്ചും പൊതുജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയകളി തികച്ചും ഖേദകരം തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.