ഇലക്ട്രോണിക് ഉപകരണങ്ങളുടെ റിപ്പയറിങ്ങിന് ഏകീകൃത പോർട്ടൽ വരുന്നു
text_fieldsന്യൂഡൽഹി: വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക് അടക്കമുള്ള ഉപകരണങ്ങൾ കേടുവന്നാൽ കമ്പനിയെ ആശ്രയിക്കാതെ നന്നാക്കുന്നതിനായി കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം ഏകീകൃത പോർട്ടൽ ആരംഭിക്കും. മന്ത്രാലയം ജൂലൈയിൽ പ്രഖ്യാപിച്ച ' റൈറ്റ് ടു റിപ്പയര്‍' നയത്തിന്‍റെ ഭാഗമായാണ് ഏകീകൃത പോർട്ടൽ സംവിധാനം തയാറാക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ബ്രാന്‍ഡ് മാന്വലുകള്‍, അറ്റകുറ്റപ്പണി നിരക്ക്, സര്‍വിസ് കേന്ദ്രങ്ങൾ, അഴിച്ചുപണികള്‍ക്കുള്ള ചെലവ് തുടങ്ങിയ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാക്കാനാവശ്യപ്പെട്ട് സാംസങ്, എൽ.ജി, ഫിലിപ്സ് തുടങ്ങിയ 23 മുന്‍നിര ഇലക്ട്രോണിക് ഉൽപന്ന നിര്‍മാതാക്കൾക്ക് മന്ത്രാലയം കത്തയച്ചു.
ഉൽപന്നങ്ങൾ തകരാറിലാകുമ്പോൾ നിർമാതാക്കൾ പലപ്പോഴും മുഴുവൻ സേവന വിവരങ്ങളും വെളിപ്പെടുത്തുന്നതിനുപകരം പുതിയ ഉപകരണങ്ങൾ വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ഇ-വേസ്റ്റ് വർധിക്കുന്നതടക്കമുള്ള വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുതിയ നയത്തിന്‍റെ ഭാഗമായി, നിർമിച്ച കമ്പനിയെ തന്നെ ആശ്രയിക്കാതെ ഉപഭോക്താക്കൾക്ക് ഉപകരണങ്ങൾ നന്നാക്കാൻ സാധിക്കും.
പുതിയ നയം വഴി ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിനുപുറമെ, ഉപകരണ നിര്‍മാതാക്കളും വില്‍പനക്കാരും വാങ്ങലുകാരും തമ്മിലുള്ള ഇടപാടുകള്‍ കൂടുതല്‍ ഏകീകരിക്കാനും സാധിക്കും. ഉൽപന്നം ഇന്ത്യയിൽ പുറത്തിറങ്ങിക്കഴിഞ്ഞാൽ മൂന്നാം കക്ഷിക്ക് അറ്റകുറ്റപ്പണികൾ അനുവദിച്ചുകൊണ്ട് ആത്മനിർഭർ ഭാരത് വഴി തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള അവസരമായി മാറുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പുതിയ നയത്തിന്‍റെ ഭാഗമായി കമ്പനികള്‍, ഇറക്കുന്ന ഉപകരണങ്ങള്‍ നന്നാക്കാനുതകുന്ന മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തേണ്ടിവരും. മാന്വലുകൾ, വിവരണങ്ങള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് തുടങ്ങിയവ ലഭ്യമാക്കണം.
കാര്‍ഷികോപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ടാബ്‌ലെറ്റുകള്‍, ഓട്ടോമൊബൈല്‍ ഉപകരണങ്ങള്‍ എന്നിവയാണ് റൈറ്റ് ടു റിപ്പയറിന്റെ പരിധിയില്‍ ഇതുവരെ ഉൾപ്പെടുത്തിയ ഉൽപന്നങ്ങള്‍. വിവിധ വിദേശ രാജ്യങ്ങൾ ഇതിനോടകം റൈറ്റ് ടു റിപ്പയര്‍ നയം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.