എ.വി ഗോപിനാഥ് ജനപിന്തുണയുള്ള നേതാവ്; നല്ല നിലപാടാണ് അദ്ദേഹത്തിേന്റത് -എ.വിജയരാഘവൻ
text_fieldsപാലക്കാട്: ഡി.സി.സി പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്ന് രാജിവെച്ച എ.വി ഗോപിനാഥിനെ പുകഴ്ത്തി എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. എ.വി ഗോപിനാഥ് നല്ല ജനപിന്തുണയുള്ള നേതാവാണെന്നും നല്ല നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.
''എ.വി ഗോപിനാഥ് താഴെ തട്ടിൽ നിറഞ്ഞുപ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ നിലപാട് വളരെ നല്ലതാണ്. കോൺഗ്രസിന്‍റെ ഇന്നത്തെ തകർച്ചയിൽ ആശങ്കയുള്ള ഒരു കോൺഗ്രസ് പ്രവർത്തകന്‍റെ സ്വരമാണ് ഗോപിനാഥിന്‍റെ പ്രവർത്തിയിലും വാക്കിലും കണ്ടത്. ജനങ്ങൾക്കിടയിലുള്ള നല്ല നിലയിലുള്ള നേതൃത്വത്തിന് അവസരം കിട്ടുന്നില്ല. നേതാക്കൻമാരുടെ വാലായി നടക്കുന്നവരാണ് നേതൃത്വത്തിലെത്തുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങൾ യു.ഡി.എഫിനെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്നതാണ് സ്ഥിതി'' -എ.വിജയരാഘവൻ പറഞ്ഞു.
കോൺഗ്രസ് വിട്ട ശേഷം എ.വി ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുകയും സി.പി.എമ്മുമായി അകൽച്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ക്ഷണിച്ചാൽ താൻ ചർച്ചക്ക് തയ്യാറാകുമെന്ന് കോൺഗ്രസ് വിട്ട എ.വി ഗോപിനാഥ് പറഞ്ഞിരുന്നു.
കെ. സുധാകരൻ താൻ മനസിൽ പ്രതിഷ്ഠിച്ച നേതാവാണെന്നും അദ്ദേഹം ക്ഷണിച്ചാൽ എവിടെയും ചർച്ചക്ക് തയ്യറാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു. പരസ്യ പ്രതികരണവുമായി വന്ന നേതാക്കൾക്കെതിരെ ഉടൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അച്ചടക്ക നടപടി എടുത്തെങ്കിലും പാർട്ടിയിൽ നിന്നും രാജിവെച്ച ഗോപിനാഥിനെ കൈവിടില്ലെന്നാണ് സുധാകരൻ പ്രതികരിച്ചത്. പ്രാദേശികമായി ജനപിന്തുണ ഉള്ള നേതാവായതിനാൽ പാലക്കാട് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും എ.വി ഗോപിനാഥിനെ പരസ്യമായി തള്ളി പറഞ്ഞിട്ടില്ല.
അതേസമയം ഗോപിനാഥ് കോൺഗ്രസ് വിട്ട നടപടിയെ സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. മത നിരപേക്ഷ നിലപാട് സംരക്ഷിക്കുന്ന തീരുമാനം ഗോപിനാഥ് സ്വീകരിക്കുമെന്ന് പ്രതീഷിക്കുന്നതായും സി.പി.എം ജില്ല കമ്മറ്റി ഫെയ്സ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.