വി.ഡി സതീശനും കെ.സുധാകരനും വർഗീയ ചേരിതിരിവുണ്ടാക്കുന്നു -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വിദ്വേഷപ്രസ്താവനയുടെ പശ്ചാത്തലത്തിൽ വിവിധ സമുദായ നേതാക്കളെ നേരിൽ സന്ദർശിച്ച് സമവായശ്രമം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവർത്തന ശൈലി കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
'സുധാകരനും സതീശനും ഇപ്പോൾ നടത്തുന്ന പ്രവർത്തനം ആ രീതിയിലുള്ളതാണ്. ബി.ജെ.പിയെ പോലെ തന്നെ കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനാകുമോ എന്നതാണ് ഇവരുടെ ശ്രമം. അതിന്‍റെ പിൻപാട്ടുകാരനായി നിൽക്കുകയാണ് താനെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി' -വിജയരാഘവൻ ആരോപിച്ചു.
അതേസമയം, സർക്കാർ ഒരു ശ്രമവും നടത്താത്ത പശ്ചാത്തലത്തിലാണ് സാമുദായിക സൗഹാർദത്തിന് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നേതാക്കളുമായി ചർച്ച നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി.
പ്രശ്നപരിഹാരത്തിന് സർക്കാർ തയാറായാൽ പൂർണ പിന്തുണ പ്രതിപക്ഷം നൽകും. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ഈ നാട്ടിലല്ലേ ജീവിക്കുന്നത്. ഇവിടെ നടക്കുന്നതൊന്നും കാണുന്നില്ലേ. ഈ വിഷയത്തിൽ സ്വന്തമായ അഭിപ്രായം പോലും സി.പി.എം സെക്രട്ടറിക്കില്ല. സ്വന്തമായ അഭിപ്രായം വിജയരാഘവൻ പറഞ്ഞാൽ അതിന് മറുപടി പറയാം -സതീശൻ പറഞ്ഞു.
വിവാദത്തെ കുറിച്ച് സി.പി.എമ്മിനും ഒരു നിലപാടില്ല. രണ്ട് സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘ്പരിവാറിന്‍റെ അജണ്ടയാണ്. ഈ സംഘർഷം കുറച്ചുകാലം കൂടി തുടരട്ടെ എന്നാണ് സി.പി.എം നയം. വർഗീയ കലാപം എന്താണ് എന്നതിന്‍റെ അർഥം വിജയരാഘവൻ അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.