Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അമ്മായിയമ്മയെ കാണാൻ...

‘അമ്മായിയമ്മയെ കാണാൻ കാറിൽ സല്ലപിച്ച് പോകുന്നു, പാവങ്ങൾക്ക് ഇവിടെ റോഡിൽ സമരം നടത്താൻ സ്വാതന്ത്ര്യം തരണം’ -വിജയരാഘവൻ

text_fields
bookmark_border
‘അമ്മായിയമ്മയെ കാണാൻ കാറിൽ സല്ലപിച്ച് പോകുന്നു, പാവങ്ങൾക്ക് ഇവിടെ റോഡിൽ സമരം നടത്താൻ സ്വാതന്ത്ര്യം തരണം’ -വിജയരാഘവൻ
cancel
camera_alt

എ. വിജയരാഘവൻ നിലമ്പൂരില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുന്നു

കുന്നംകുളം: റോഡ് ബ്ലോക്ക് ചെയ്ത് സ്റ്റേജ് കെട്ടി പരിപാടി നടത്തിയതിനെതി​രെ ഹൈകോടതി ഇടപെട്ടതിനെ പരിഹസിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. അമ്മായിയമ്മയെ കാണാൻ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറിൽ പോകുന്നവരാണ് പൊതുയോഗത്തിനെതിരെ രംഗത്തുവരുന്നത്. കാറുള്ളവൻ കാറിൽ പോകുന്നത് പോലെ പാവങ്ങൾക്ക് ജാഥ നടത്താനുള്ള സ്വാതന്ത്ര്യം അനുവദിച്ച് തരണം. ഇവരെല്ലാം ഈ കാറിൽ പോകണോ? നടന്ന് പോയാൽ പോ​രേ? പണ്ടൊക്കെ നമ്മൾ നടന്നല്ലേ പോയത്? ഇത്ര വലിയ കാറ് വേണോ? ഒരു കുഞ്ഞിക്കാറിൽ പോയാൽ പോരേ -അദ്ദേഹം ചോദിച്ചു. തൃശൂർ കേച്ചേരിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡരികിൽ പൊതുയോഗം വെക്കുന്നതിനിതിരെ പബ്ലിസിറ്റി ആഗ്രഹിക്കുന്നവർ സുപ്രീം കോടതിയിൽവരെ കേസ് നടത്തുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

പ്രസംഗത്തിൽനിന്ന്:

‘റോഡരികിൽ ഒരു പൊതുയോഗം വെച്ചാൽ സഹിച്ചൂടാ! അയ്യോ! റോട്ടുവക്കിൽ മാർക്കിസ്റ്റുകാർ പൊതുയോഗം വെച്ചൂ, കാർ പോകാത്ത റോട്ടിൽ പൊതുയോഗം, കുടുങ്ങീലേ മനുഷ്യൻ!. ഏതോ റോട്ടുവക്കിൽ പൊതുയോഗം വെച്ചാൽ അങ്ങ് സുപ്രീം കോടതിയിൽവരെ കേസ് നടത്തുന്നു. അങ്ങനെയൊക്കെയേ പബ്ലിസിറ്റി ​കിട്ടൂ. എന്തൊരു ട്രാഫിക് ജാം! അ​ല്ലെങ്കിൽ ഇവിടെ ട്രാഫിക് ജാം ഉണ്ടാവാറില്ലേ? ഇന്ന് ഇവി​ടെ പരിപാടി ഉള്ളത് കൊണ്ട് ട്രാഫിക് ജാം ഉണ്ട്. അല്ലെങ്കിൽ ഈ കേച്ചേരിയിൽ ട്രാഫിക് ജാം ഇല്ലേ? ഉണ്ട്. ഞാൻ ഇടക്ക് ഇതുവഴി പോകാറുണ്ട്. അപ്പോൾ കാണാറുണ്ട്.

10 മനുഷ്യന് പോകാൻ ഇത്ര സ്ഥലം പോരേ? എന്നാൽ, 10 കാറിന് പോകാൻ എത്ര സ്ഥലം വേണം എന്ന് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കൂ. ഇവരെല്ലാം ഈ കാറിൽ പോകണോ? നടന്ന് പോയാൽ പോ​രേ? പണ്ടൊക്കെ നമ്മൾ നടന്നല്ലേ പോയത്. ഇത്ര കാറ് വേണോ? ഇത്ര വലിയ കാറ് വേണോ? ഒരു കുഞ്ഞിക്കാറിൽ പോയാൽ പോരേ? ഇവർ ഏറ്റവും വലിയ കാറിൽ പോകുമ്പോൾ അത്രേം സ്ഥലം പോകുകയല്ലേ? 25 കാറ് ഇങ്ങനെ കിടക്കുമ്പോൾ ചിന്തിക്കേണ്ടത് 25 കാറ് കിടക്കുന്നു എന്നല്ല, 25 ആളേ ഉള്ളൂ എന്നാണ്. ആ കാറിൽ ആരാ? അമ്മായിയമ്മയെ കാണാൻ മെല്ലെ ഇങ്ങനെ ഉരുട്ടി ഉരുട്ടി പോകുന്നുണ്ടാകും. ഞായറാഴ്ച ​തിരക്ക് കൂടുതലാ. കാറൊക്കെ എടുത്ത് അമ്മായിയമ്മയുടെ വീട്ടിലേക്ക് വർത്തമാനം പറഞ്ഞും സല്ലപിച്ചും ഇങ്ങനെ പോകുകയായിരിക്കും. ഞാൻ അതിന് എതിരൊന്നുമല്ല. കാറുള്ളവൻ കാറിൽ പോയിക്കോട്ടെ. അതുപോലെ പാവങ്ങൾക്ക് ഒരു ജാഥ നടത്താനുള്ള സ്വാതന്ത്രം അനുവദിച്ച് തരണം എന്ന് വളരെ വിനയപൂർവം ഞാൻ അഭ്യർഥിക്കുകയാണ്.’


കടുപ്പിച്ച് ഹൈകോടതി

റോഡുകളിലും നടപ്പാതകളിലും ഗതാഗതം തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടി നടത്തുന്ന സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലുള്ളവരും ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തേ ഫുട്പാത്തുകളിലായിരുന്ന യോഗങ്ങളും പ്രതിഷേധങ്ങളും ഇപ്പോൾ നടുറോഡിലായിരിക്കുകയാണെന്നും തിരുവനന്തപുരം വഞ്ചിയൂരിൽ സ്റ്റേജ് കെട്ടാൻ റോഡ് കുഴിച്ചിട്ടുണ്ടെങ്കിൽ വിഷയം കൂടുതൽ ഗൗരവകരമാണെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീക‌ൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അഭിപ്രായപ്പെട്ടത്.

വഞ്ചിയൂരിലെ സി.പി.എം ഏരിയ സമ്മേളനം, സെക്രട്ടേറിയറ്റിന് മുന്നിലെ ജോയന്റ് കൗൺസിൽ രാപ്പകൽ ധർണ, കൊച്ചി കോർപറേഷന് മുന്നിലെ കോൺഗ്രസ് ധർണ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. അതേസമയം, ഗതാഗതം തടസ്സപ്പെടുത്തുന്ന പരിപാടികൾക്ക് അനുമതി നൽകരുതെന്ന് സർക്കുലർ മുഖേന നി‌ർദേശം നൽകിയിരുന്നുവെന്നും വഞ്ചിയൂരിലെ പരിപാടിക്ക് പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകി. വഞ്ചിയൂരിലെ സംഭവം അറിഞ്ഞയുടൻ കേസെടുത്തെന്നും ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, വഞ്ചിയൂർ സംഭവത്തിൽ സി.പി.എം നേതാക്കളെ പ്രതി ചേർക്കാതെ മറ്റു സംഭവങ്ങളിൽ കോൺഗ്രസിന്‍റെയും ജോയന്റ് കൗൺസിലിന്‍റെയും നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെന്ന് വ്യക്തമാക്കുന്ന വിശദീകരണ പത്രികയാണ് ഡി.ജി.പി നൽകിയത്. വഞ്ചിയൂർ കേസിൽ കണ്ടാലറിയാലുന്ന 150 പേർക്കെതിരെയാണ് എഫ്.ഐ.ആർ എടുത്തത്. അന്വേഷണത്തിന് അതത് ജില്ല പൊലീസ് മേധാവിമാർ മേൽനോട്ടം വഹിക്കുമെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറയുന്നു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ല സെക്രട്ടറി വി. ജോയ് തുടങ്ങി വേദിയിലുണ്ടായിരുന്നവരുടെ പട്ടികയടങ്ങുന്ന റിപ്പോർട്ടാണ് വഞ്ചിയൂർ എസ്.എച്ച്.ഒ ഷാനിഫ് നൽകിയിരുന്നത്. മേയറുടെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ നടന്ന കോൺഗ്രസ് ധർണയിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ് എം.എൽ.എ അടക്കം 20 നേതാക്കളെ സെൻട്രൽ പൊലീസ് മുഖ്യപ്രതികളാക്കി. ജോയന്റ് കൗൺസിൽ സംഘടന നേതാക്കളായ കെ.പി. ഗോപകുമാർ, ജയചന്ദ്രൻ കല്ലിങ്കൽ എന്നിവരടക്കം 10 സർക്കാർ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് സെക്രട്ടേറിയറ്റ് ധർണയിൽ കന്റോൺമെന്റ് പൊലീസിന്റെ എഫ്.ഐ.ആർ. കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A VijayaraghavanCPMblocking road
News Summary - vijayaraghavan about cpm meeting blocking road
Next Story