ഇടതുപക്ഷം കമ്പ്യൂട്ടറിനും ട്രാക്‌ടറിനും എതിരാണെന്ന് ആക്ഷേപിച്ചവർ ഇപ്പോൾ കെ റെയിലിനെതിരെ രംഗത്ത് -വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കമ്പ്യൂട്ടറിനെ എതിർത്തവർ, ട്രാക്‌ടറിനെതിരെ സമരംചെയ്‌തവർ എന്നെല്ലാം ഇടതുപക്ഷത്തെ ആക്ഷേപിച്ചവരാണ് ഇപ്പോൾ കെ റെയിലിനെതിരെ രംഗത്തിറങ്ങിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഇടതുപക്ഷം എന്നും വേഗതയ്‌ക്കൊപ്പമാണ്. വേഗതയുള്ള യാത്രാസൗകര്യങ്ങൾ സംസ്ഥാനത്തിന്‍റെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. കെ റെയിൽ പദ്ധതിയെ എതിർക്കുന്നത് ശരിയായ നിലപാടല്ലെന്നും വിജയരാഘവൻ പ്രസ്താവനയിൽ പറഞ്ഞു.
പ്രസ്താവനയിൽനിന്ന്:
വികസിത രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുന്നേയുള്ള യാത്രാസൗകര്യമാണ് അതിവേഗ റെയിൽ. അതിനെയാണ് കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ളവർ എതിർക്കുന്നത്. കേരളത്തിന്‍റെ പരിസ്ഥിതി സന്തുലിതാവസ്ഥ പുനർനിർമിക്കുന്ന തരത്തിലായിരിക്കണം വികസനപദ്ധതികളെന്നത് എൽ.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ പറഞ്ഞ കാര്യമാണ്. അതിന് അനുസരിച്ചുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കുന്നതും.
സ്ഥലം ഏറ്റെടുക്കുന്നതിൽ വന്ന എല്ലാ തടസ്സങ്ങളെയും ഭൂമി നഷ്‌ടപ്പെടുന്നവരുമായി ചർച്ച ചെയ്‌ത് അവർ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള നഷ്‌ടപരിഹാരം നൽകി വികസനത്തിന്‍റെ വേഗത വർധിപ്പിക്കാൻ കഴിഞ്ഞു. അതാണ് ഇച്ഛാശക്തി എന്ന് പറയുന്നത്. ജനങ്ങൾ കെ റെയിലിനെതിരല്ല. സംശയാലുക്കൾ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നടക്കുന്നത്.
കമ്പ്യൂട്ടറിനെ എതിർത്തവർ ട്രാക്‌ടറിനെതിരെ സമരംചെയ്‌തവർ എന്നെല്ലാം ഇടതുപക്ഷത്തെ ആക്ഷേപിച്ചവരാണ് ഇപ്പോൾ കെ റെയിലിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്. ഇടതുപക്ഷം എന്നും വേഗതയ്‌ക്കൊപ്പമാണ്. ശാസ്‌ത്രത്തിന്റെ വളർച്ചയ്‌ക്കൊപ്പമാണ്. കെ റെയിലിനേക്കാളും വേഗതയുള്ള പദ്ധതിയായിരുന്നു ഉമ്മൻചാണ്ടിയുടെ കാലത്ത് വിഭാവനം ചെയ്‌തിരുന്നത്. അത് അഴിമതിക്ക് വേണ്ടിയായിരുന്നോ എന്ന് വ്യക്തമാക്കേണ്ടത് രമേശ് ചെന്നിത്തലയാണ്.
വികസനത്തിന്‍റെ സമഗ്രതയും വേഗതയുമാണ് എൽ.ഡി.എഫ് സർക്കാരിന്‍റെ പ്രത്യേകത. കേരളത്തിന് ഇനിയും മുന്നോട്ട് പോകാനുണ്ട്. ജനങ്ങൾ പ്രതീക്ഷയോടെയാണ് മുഖ്യമന്ത്രിയേയും ഈ സർക്കാരിനെയും കാണുന്നത്. അതിനുള്ള ആത്മാർത്ഥമായ പ്രവർത്തനം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൽ നിന്നും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.