ലോകായുക്ത വിധി നിയമപരമായ കാര്യം; പ്രതിപക്ഷം ഇടക്കിടെ രാജി ആവശ്യപ്പെടുന്നതാണെന്നും വിജരാഘവൻ
text_fieldsതിരുവനന്തപുരം: ബന്ധു നിയമനത്തിലെ ലോകായുക്ത വിധിയിൽ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ജലീലിനെതിരായ ലോകായുക്ത വിധി നിയമപരമായ കാര്യമാണെന്നും നിയമത്തിൻെറ വഴിക്ക് കാര്യങ്ങൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത വിധി ചർച്ച ചെയ്യുന്നതിനായി സി.പി.എമ്മിൻെറ അവെയിലബിൾ സെക്രട്ടേറിയറ്റ് ചേർന്ന ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും രാജി ഇടക്കിടക്ക് ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ, മന്ത്രി എ.കെ ബാലനും കെ.ടി ജലീലിന് പിന്തുണയുമായി രംഗത്തുവന്നിരുന്നു. ഏതെങ്കിലും കീഴ്കോടതിയിൽനിന്ന് പ്രതികൂല വിധിയുണ്ടായാൽ അപ്പോൾ തന്നെ രാജിവെക്കുന്ന കീഴ്വഴക്കമില്ലെന്നാണ് എ.കെ ബാലൻ പറഞ്ഞത്. ഡെപ്യൂട്ടേഷനിൽ ബന്ധു നിയമനം പാടില്ലെന്ന് നിയമത്തിൽ എവിടെയും പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ബന്ധുനിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് ലോകായുക്ത വിധിച്ചത്. ജലീൽ മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുന്നു. ബന്ധുവായ കെ.ടി. അദീബിനെ മന്ത്രി ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജരായി വഴിവിട്ട രീതിയിൽ നിയമിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി വി.കെ. മുഹമ്മദ് ഷാഫി സമർപ്പിച്ച ഹരജിയിലാണ് നിർണായക വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.