പി.വി. അൻവറിന് സി.പി.എം മറുപടി പറയേണ്ട കാര്യമില്ല -എ. വിജയരാഘവൻ
text_fieldsതൃശൂർ: പി.വി. അൻവർ എം.എൽ.എ പറയുന്ന കാര്യങ്ങളിൽ സി.പി.എം മറുപടി പറയേണ്ട കാര്യമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. അൻവർ പാർട്ടി എം.എൽ.എ അല്ല, സ്വതന്ത്രനാണെന്നും വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആർ.എസ്.എസ് നേതാവിനെ എ.ഡി.ജി.പി സന്ദർശിച്ചത് സി.പി.എം അന്വേഷിക്കേണ്ട കാര്യമല്ല. അത് സർക്കാർ പരിശോധിക്കും. എല്ലാ കോൺഗ്രസുകാരും ചേർന്ന് മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ഗൂഢാലോചനയുണ്ട്. ആർ.എസ്.എസിനെതിരെ എന്നും ശക്തമായി നിലകൊണ്ട സി.പി.എമ്മിനെ ഏറെക്കാലം സെക്രട്ടറിയായി നയിച്ചത് പിണറായി വിജയനാണ്. കോൺഗ്രസുകാരാണ് എന്നും ആർ.എസ്.എസ് ബന്ധം പുലർത്തുന്നത്. ആർ.എസ്.എസുമായി വോട്ടുകച്ചവടം നടത്താത്ത ഒരു കോൺഗ്രസ് നേതാവും കേരളത്തിലില്ല.
വി.ഡി. സതീശന്‍റെയും കൂട്ടരുടെയും പ്രവർത്തനരീതിയാണ് ആർ.എസ്.എസ് ബന്ധം. ആ കുപ്പായം സതീശൻതന്നെ ധരിച്ചാൽ മതി. സി.പി.എമ്മിനോ മുഖ്യമന്ത്രിക്കോ നേരെ വേണ്ട. കോൺഗ്രസ് നേതാക്കളുടെ മക്കളെല്ലാം ബി.ജെ.പിയിലേക്കാണ് പോകുന്നത്. തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സർക്കാർ നടപടിയെടുത്തു. പൊലീസ് കമീഷണറെ മാറ്റി. സ്ഥലംമാറ്റം ചെറിയ കാര്യമല്ല. ഇതുസംബന്ധിച്ച റിപ്പോർട്ടിൽ സർക്കാർ നടപടി സ്വീകരിക്കും.
പൊലീസ് ഉദ്യോഗസ്ഥർ പല ആവശ്യത്തിന് പലരെ കണ്ടിട്ടുണ്ടാകും. അത് സി.പി.എമ്മിന്‍റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യമല്ല. ദൂതനായി പൊലീസുകാരനെ അയക്കാൻ മാത്രം വിവരദോഷിയല്ല മുഖ്യമന്ത്രി. മുസ്‌ലിം വർഗീയവാദികളെ കക്ഷത്തിൽവെച്ചാണ് പ്രതിപക്ഷനേതാവ് ഗിരിപ്രഭാഷണം നടത്തുന്നത്. തൃശൂരിൽ ബി.ജെ.പി ജയിച്ചപ്പോൾ 86,965 വോട്ടാണ് കോൺഗ്രസിന് നഷ്ടമായതെന്നും വിജയരാഘവൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.