മലക്കം മറിഞ്ഞ് വിജയരാഘവൻ; അപകടം ന്യൂനപക്ഷ വര്ഗീയതയെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം
text_fieldsബാലുശ്ശേരി (കോഴിക്കോട്): ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും തീവ്രമെന്ന പ്രസ്താവനയിൽ മലക്കംമറിഞ്ഞ് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. ഏറ്റവും തീവ്രമായ വർഗീയത ന്യൂനപക്ഷ വർഗീയതയാണെന്ന് താൻ പറഞ്ഞതായ റിപ്പോർട്ട് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് വിജയരാഘവൻ ബാലുശ്ശേരിയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണമെന്നും ഒരു വർഗീയതക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം മുക്കത്ത് എൽ.ഡി.എഫ് വികസന ജാഥയിലാണ് വിജയരാഘവൻ പ്രസംഗിച്ചത്. ഭൂരിപക്ഷ വർഗീയതയാണ് രാജ്യത്തെ പ്രശ്നമെന്ന പാർട്ടി നയത്തിന് വിരുദ്ധമാണ് വിജയരാഘവന്റെ പ്രസംഗമെന്ന വിലയിരുത്തൽ ഉണ്ടായതാണ് തൊട്ടടുത്ത ദിവസം തന്നെ പ്രസ്താവന തിരുത്താൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
"ന്യൂനപക്ഷ വർഗീയതയാണ് തീവ്ര വർഗീയതയെന്ന് ഞാൻ പറഞ്ഞിട്ടില്ല. ഇടതുപക്ഷത്തിന് അങ്ങനെ പറയാൻ കഴിയില്ല. ന്യൂനപക്ഷ വർഗീയതയെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകുമെന്നാണ് പറഞ്ഞത്. രണ്ടു വർഗീയതകളും ഒരു തുലാസിലിട്ട് തുല്യമാണ് എന്ന് ഇടതുപക്ഷം ഒരിക്കലും പറയുകയില്ല. തീവ്ര ഹിന്ദുത്വ അജണ്ടക്കുകീഴിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളെ അടിച്ചമർത്തി രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി നിലകൊള്ളുന്നത് ഇടതുപക്ഷമാണ്. തീവ്ര ഹിന്ദുത്വ ശക്തികൾ നമ്മുടെ നാടിനെ വലിയതോതിൽ വർഗീയവത്കരിച്ചിരിക്കയാണ്. അത് നാട്ടിലുണ്ടാക്കിയ അന്തരീക്ഷം ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭയപ്പെടുത്തുകയും വിദ്വേഷരാഷ്ട്രീയം പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ തീവ്ര ഹിന്ദുത്വ മുൻഗണനകൾ രാജ്യത്തുണ്ടാക്കിയ മുറിപ്പാടുകളുടെ അളവ് വളരെ വലുതാണ്. ന്യൂനപക്ഷ വിരുദ്ധമായ നടപടികളും നിയമങ്ങളും മറയാക്കി രാജ്യത്ത് ആർ.എസ്.എസ് അജണ്ട സഫലീകരിക്കുകയാണ് മോദി സർക്കാർ. അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ഇത് എത്തിയിരിക്കുന്നു" -വിജയരാഘവൻ പറഞ്ഞു.
അതേസമയം, ന്യൂനപക്ഷ വർഗീയത വർഗീയമായി ന്യൂനപക്ഷത്തെ സമീപിക്കുമ്പോൾ സ്വാഭാവികമായും ഭൂരിപക്ഷ വർഗീയതക്ക് ന്യായം പറയാൻ അവസരമുണ്ടാകും. ഹിന്ദുത്വശക്തികൾ എല്ലാ കാലത്തും ന്യൂനപക്ഷ വിരുദ്ധത പ്രകടിപ്പിച്ചു കൊണ്ടാണ് നിലനിന്നിട്ടുള്ളത്. സി.പി.എം. ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്ററും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.