''തുടർഭരണം ഇല്ലാതാക്കാൻ കോൺഗ്രസും ബി.ജെ.പിയും മുസ്ലിം മത മൗലിക സംഘടനകളും ഒന്നിക്കുന്നു''
text_fieldsതിരുവനന്തപുരം: കേരളത്തിൽ തുടർഭരണം ഇല്ലാതാക്കാൻ കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രസർക്കാരിനും കേന്ദ്ര ഏജൻസികൾക്കുമൊപ്പം കോൺഗ്രസും ബിജെപിയും മുസ്ലിം മത മൗലിക സംഘടനകളും ഒന്നിക്കുകയാണ്. കുത്തകമാധ്യമങ്ങളും കള്ളപ്രചാരണം തുടങ്ങി. വാചകങ്ങൾക്കിടയിൽ നിന്ന് വാക്കുകൾ മുറിച്ചെടുത്തും ഇല്ലാക്കഥകൾ വാർത്തകളാക്കിയും വ്യാജവാർത്തകൾ ഇനിയുള്ള ദിവസങ്ങളിൽ വർധിക്കും. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് മാറ്റിയെടുക്കാനാണീ നീക്കം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.
''കേരള ചരിത്രത്തിൽ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാൻ പോവുന്നത്. ജനപക്ഷ നടപടികളുമായി പിണറായി സർക്കാർ മുന്നോട്ടു പോവുകയാണ്. കേരളത്തിൽ സർവ്വമേഖലകളിലും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രശ്രമം. ഇതിന് കേരളത്തിൽ പ്രതിപക്ഷവും കൂട്ടുനിൽക്കുന്നു. കോടികൾ ഇറക്കി കേരളത്തെ വിലയ്‌ക്ക് വാങ്ങാനാണ് നീക്കം''.
''വികസനപ്രവർത്തനങ്ങൾക്കെതിരെ ഒന്നും പറയാൻ പ്രതിപക്ഷത്തിനില്ല. ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം വ്യാജമെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് തുടർഭരണം ലഭിക്കാതിരിക്കാൻ കള്ളപ്രചരണങ്ങളുമായി ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. കേരളത്തിന്‍റെ വികസനമുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് ആവശ്യമാണ്. തുടർഭരണം ഉറപ്പിക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും പോരാളികളാവണം'' -വിജയരാഘവൻ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.