‘അമ്മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ട, ഇമ്മാതിരി വർത്തമാനം എന്നോടും വേണ്ട’; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്
text_fieldsതിരുവനന്തപുരം: ബജറ്റ് അവതരണ തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതിന് പിന്നാലെ നിയമസഭ കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്പോര്.
കോൺഗ്രസിന്‍റെ 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭ യാത്ര നടക്കുന്നതിനാൽ സർക്കാർ സഹകരിക്കണമെന്ന് സിമിതി യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നും അമ്മാതിരി വർത്തമാനം ഇങ്ങോട്ട് വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇമ്മാതിരി വർത്തമാനം എന്നോടും പറയേണ്ടെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു. നിങ്ങൾ ഇഷ്ടം പോലെ ചെയ്യൂവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കാര്യോപദേശക സമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിന് പിന്നാലെ ബജറ്റ് അഞ്ചാം തീയതി തന്നെ അവതരിപ്പിക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചു. അതേസമയം, മാർച്ച് 27 വരെ ചേരാൻ തീരുമാനിച്ച നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കാൻ യോഗം തീരുമാനിച്ചു. ഇതു പ്രകാരം ഫെബ്രുവരി 15ന് ബജറ്റ് സമ്മേളനം അവസാനിക്കും. ഫെബ്രുവരി 12 മുതൽ 15 വരെ ബജറ്റിന്മേൽ പൊതു ചർച്ചയും നടക്കും.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന 'സമരാഗ്‌നി' ജനകീയ പ്രക്ഷോഭയാത്ര ഫെബ്രുവരി ഒമ്പതിനാണ് കാസർകോട് നിന്ന് ആരംഭിക്കുന്നത്. ഒമ്പത് വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്നി യാത്രയുടെ ഉദ്ഘാടനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടിക്കൊണ്ടായിരിക്കും സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തുക. ഫെബ്രുവരി 29ന് ജാഥ തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനത്തോടെ സമാപിക്കും. കോഴിക്കോട് കടപ്പുറത്തും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളിലും മുപ്പത്തിലധികം മഹാറാലികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.