Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രിപോ ഉപയോഗിച്ചുള്ള...

ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍

text_fields
bookmark_border
ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിയില്‍
cancel

തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍-പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആൻഡ് റിസര്‍ച്ചില്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി. മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ-ഡിസ്‌കുമായി സഹകരിച്ചാണ് ഡ്രിപോ സംവിധാനം ഉപയോഗപ്പെടുത്തി വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിംഗ് എന്ന പദ്ധതി നടപ്പിലാക്കിയത്.

ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം കെ-ഡിസ്‌കിന്റെ ഇന്നോവേഷന്‍ ഫോര്‍ ഗവണ്‍മെന്റ് (i4ജി) എന്ന സംരംഭത്തിലൂടെ പൈലറ്റ് പ്രോജക്ടായി എംസിസിയില്‍ ആരംഭിച്ച പദ്ധതി വിജയകരമായതിനെ തുടര്‍ന്നാണ് നടപ്പാക്കുന്നത്. ഡിസംബര്‍ 26ന് എംസിസിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ ഡ്രിപോ ഉപയോഗിച്ചുള്ള വയര്‍ലസ് ഇന്‍ഫ്യൂഷന്‍ മോണിറ്ററിങ് സംവിധാനം എം.സി.സിക്ക് കൈമാറും. മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ആരോഗ്യ മേഖലയില്‍ നൂതനങ്ങളായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എംസിസിയില്‍ ഡ്രിപോ സംവിധാനം നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍സിസിയിലും എംസിസിയിലും റോബോട്ടിക് സര്‍ജറി ഉള്‍പ്പെടെയുള്ള നൂതന സംവിധാനങ്ങള്‍ കൊണ്ടുവന്നു. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം ബ്ലഡ് ബാങ്കുകളില്‍ നടപ്പിലാക്കി വരുന്നു.

രാജ്യത്ത് ആദ്യമായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് സഹായകരമായി എ.ഐ. സാങ്കേതികവിദ്യയോടെ ജി ഗൈറ്റര്‍ സ്ഥാപിച്ചു. ഇതിന് പിന്നാലെയാണ് പുതിയ സംവിധാനം എംസിസിയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ സ്റ്റാര്‍ട്ട്-അപ്പ് പദ്ധതിയിലൂടെ വികസിപ്പിച്ച പോര്‍ട്ടബിള്‍ കണക്റ്റഡ് ഇന്‍ഫ്യൂഷന്‍ മോണിറ്ററാണ് ഡ്രിപോ സംവിധാനം. ഡ്രിപ്പ് വഴി മരുന്ന് നല്‍കുമ്പോള്‍ കൃത്യമായ അളവിലുള്ള മരുന്നുതുള്ളികള്‍ രക്തത്തിലേക്ക് നല്‍കേണ്ടതുണ്ട്. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്ന് തുള്ളികളുടെ അളവ് വളരെ പ്രധാനമാണ്. ഡ്രിപോ സംവിധാനം മുഖേന രോഗികളുടെ രക്തത്തിലെ മരുന്നുകളുടെ സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും, നിരീക്ഷിക്കാനും സഹായിക്കുന്നു.

ഇതുവഴി രോഗിയുടെ ശരീരത്തില്‍ മരുന്ന് വിതരണം ശരിയായ അളവില്‍ നടത്തുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ഉപകരണം നഴ്സിങ് സ്റ്റേഷനുകളിലെ സെന്‍ട്രല്‍ സോഫ്റ്റ് വെയറിലേക്ക് തത്സമയ വിവരങ്ങള്‍ കൈമാറുന്നു. അതുവഴി മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ നിരക്ക് മാറ്റങ്ങള്‍ക്കും ഇന്‍ഫ്യൂഷന്‍ പൂര്‍ത്തീകരണങ്ങള്‍ക്കുമുള്ള മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ ഈ സോഫ്ട്‌വെയര്‍ മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാരത്തിന്റെ സമഗ്രമായ രൂപരേഖയും രോഗിയുടെ ആരോഗ്യ ചരിത്രവും പ്രദര്‍ശിപ്പിക്കും.

കൃത്യമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി എംസിസിയിലെ നിർദിഷ്ട വാര്‍ഡുകളില്‍ ഡ്രിപോയുടെ 20 യൂനിറ്റുകളും അനുബന്ധ ഉപകരണങ്ങളും സോഫ്റ്റ്വെയറും സ്ഥാപിക്കുകയുണ്ടായി. എംസിസിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സി.ടി.ആർ.ഐയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ക്ലിനിക്കല്‍ പഠനം നടത്തുകയും, ഡ്രിപോ സംവിധാനത്തിന്റെ കാര്യക്ഷമത സാധാരണ ഗ്രാവിറ്റി രീതിയുമായി താരതമ്യം ചെയ്ത് വിലയിരുത്തുകയും ചെയ്തു.

രക്തത്തിലേക്കുള്ള മരുന്നുകളുടെ സഞ്ചാര നിരക്ക് കൂടുതല്‍ കൃത്യമായി സജ്ജീകരിക്കാനും, അനായാസം നിരീക്ഷിക്കാനും നഴ്സിങ് ജീവനക്കാരെ ഡ്രിപോ സഹായിച്ചതായി പഠനഫലം എടുത്തു കാണിക്കുന്നു. ഇത് 65 ശതമാനം വരെ ചികിത്സാ പ്രാധാന്യമുള്ള മരുന്നുകളുടെ സഞ്ചാര പിശകുകള്‍ കുറക്കുകയും, അതുവഴി രോഗിക്ക് നല്ല ചികിത്സാ ഫലം ഉറപ്പു വരുത്തുകയും, നഴ്‌സുമാരുടെ ജോലി ഭാരം കുറക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dripo at MCCwireless infusion
News Summary - A wireless infusion monitoring system using Dripo at MCC
Next Story