ഏലപ്പാറയിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു
text_fieldsഇടുക്കി: ഏലപ്പാറക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷൻ 13 മുറി എസ്റ്റേറ്റിൽ രാജുവിന്‍റെ ഭാര്യ പുഷ്പയെന്ന് വിളിക്കുന്ന ഭാഗ്യം(50) ആണ് മരിച്ചത്. കോഴിക്കാനം കിഴക്കേപുതുവൽ ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം.
ഭര്‍ത്താവും മൂന്നു മക്കളുമാണ് ഭാഗ്യത്തിനൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ടു. ജോലിക്ക് പോകുന്നതിനായി പുലർച്ചെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യുന്നതിനിടെ അടുക്കളയിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
മണ്ണിടിച്ചിലിൽ അടുക്കള വാതിലിന്റെ ഇടയിൽപ്പെട്ടാണ് ഇവർ മരിച്ചത്. പീരുമേട്ടിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം പുറത്തെടുത്തത്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഭർത്താവും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പീരുമേട് താലുക്ക് ആശുപത്രിയിൽ എത്തിച്ചു.
മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തിൽ ഇടുക്കി ജില്ലാ കലക്ട്രേറ്റിലും താലൂക്ക് അടിസ്ഥാനത്തിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാലവർഷക്കെടുതി രൂക്ഷമാവുകയാണ്. കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.
മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ബുധനാഴ്ച വരെ തുടരും.സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് തീവ്ര മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.