ഭൂഖണ്ഡങ്ങൾ താണ്ടി ഒരു വർഷം; സൈക്കിളേറി ഫായിസ് യൂറോപ്പിൽ
text_fieldsതൃക്കരിപ്പൂർ: വിവിധ ദേശങ്ങളിലെ അനുഭവ ദൂരങ്ങൾ ചവിട്ടിക്കയറിയ ഫായിസിന്റെ സൈക്കിൾ യാത്ര ഒരു വർഷം പിന്നിടുമ്പോൾ യൂറോപ്പിലൂടെ മുന്നേറുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ച യാത്ര ഏഷ്യയിലും പശ്ചിമേഷ്യയിലുമായി 15 രാഷ്ട്രങ്ങൾ താണ്ടിക്കഴിഞ്ഞു.
യൂറോപ്പിലെ സെർബിയയിലൂടെയാണ്, സർലേ സൈക്കിളിൽ ഫായിസ് അഷ്റഫ് അലി ഇപ്പോൾ സഞ്ചരിക്കുന്നത്. ഇന്ത്യയിൽനിന്ന് ആരംഭിച്ച് ഒമാൻ, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കി, ഗ്രീസ്, മാസിഡോണിയ എന്നീ രാജ്യങ്ങളാണ് പിന്നിട്ടത്. സെർബിയക്കുശേഷം ക്രൊയേഷ്യ, സ്ലൊവീനിയ, ഓസ്ട്രിയ, സ്ലോവാക്യ, ഹംഗറി, ചെക് റിപ്പബ്ലിക്, ജർമനി എന്നിങ്ങനെയാണ് യാത്രാപഥം.
തുർക്കി ആതിഥ്യമര്യാദകൊണ്ട് വീർപ്പുമുട്ടിച്ചപ്പോൾ ജോർജിയയും അർമീനിയയും നിരാശപ്പെടുത്തി. ഇറാനിൽ പ്രവേശിച്ചപ്പോൾ പഴ്സ് നഷ്ടപ്പെട്ടു. കൈയിൽ പണമില്ലാതെ യാത്ര തുടർന്നപ്പോൾ പ്രദേശവാസികളാണ് ആഹാരവും വെള്ളവും നൽകി സഹായിച്ചത്. ഓരോ പ്രദേശത്തും കൂടെ കൊണ്ടുനടക്കുന്ന കൂടാരത്തിലാണ് താമസിച്ചിരുന്നത്. ഗുരുദ്വാരകൾ, സത്രങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവയും പലപ്പോഴും ആശ്രയമായി. ഇറാൻ-ഇറാഖ് അതിർത്തിയിൽ മാത്രമാണ് സുരക്ഷ കാരണങ്ങളാൽ മുറിയെടുത്ത് താമസിക്കേണ്ടിവന്നത്.
തുർക്കിയയിൽ യാത്രയുടെ ഓരോ ഘട്ടത്തിലും ആളുകൾ അവരുടെ വീടുകളിൽ താമസിപ്പിക്കാൻ മത്സരിക്കുന്ന അവസ്ഥയായിരുന്നു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതിമാരെ കാണാൻ ശ്രദ്ധിക്കുന്നു. കഴിയുന്നത്ര സ്കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ, സീറോ കാർബൺ, ആരോഗ്യ പരിപാലനം, സമാധാനം എന്നിങ്ങനെ സന്ദേശം കൈമാറുന്നു.
യൂറോപ്പിൽ പ്രവേശിച്ചപ്പോൾ തന്നെ വർണവിവേചനം അനുഭവപ്പെട്ടുതുടങ്ങി. ഓരോ രാജ്യത്തും അതിഥികൾക്ക് വീടുകളിൽ താമസം ഒരുക്കുന്ന സമൂഹമാധ്യമ കൂട്ടായ്മയായ ‘കൗച് സർഫിങ്’ വഴി അന്വേഷണം നടത്തിയപ്പോഴുണ്ടായ അനുഭവം ഫായിസ് പങ്കുവെച്ചു. കൂടെയുണ്ടായിരുന്ന സായിപ്പിന് തങ്ങാൻ ഇടം നൽകിയ വ്യക്തി പക്ഷേ, ഫായിസിന് നൽകിയ മറുപടി ‘സ്ഥലത്തില്ല’ എന്നായിരുന്നു. ജോർജിയയിൽ വഴിയരികിൽ ടെന്റിൽ കിടന്നപ്പോൾ പരിസരവാസികളിൽനിന്ന് മോശം പെരുമാറ്റം ഉണ്ടായി. വിസയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് രണ്ടുതവണ നാട്ടിൽ വന്നു. അതുപോലെ ജർമനിയിൽനിന്ന് ഒരിക്കൽക്കൂടി നാട്ടിൽ വരേണ്ടിവരും. ദുബൈയിലും പിന്നീട് തുർക്കിയയിലും കുടുംബം ഫായിസിനെ കാണാൻ എത്തിയിരുന്നു. ഇനിയും 20 രാജ്യങ്ങൾ പിന്നിട്ടാലാണ് ലണ്ടനിൽ എത്തുക.
കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ ഫായിസ് എൻജിനീയറാണ്. ജോലി രാജിവെച്ചാണ് യാത്രക്കിറങ്ങിയത്. ഭാര്യ ഡോ. അസ്മിൻ ഫായിസ്, കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിൽ അസി. പ്രഫസറാണ്. മക്കൾ: ഫഹസിൻ ഉമർ, ഐസിൻ നഹേൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.