യുവാക്കളെ കാണാതായിട്ട് ഒരു വർഷം; തുമ്പില്ലാതെ പൊലീസ്
text_fieldsമുതലമട: യുവാക്കളെ കാണാതായിട്ട് ഒരു വർഷമായിട്ടും തുമ്പില്ലാതെ പൊലീസ്. ചപ്പക്കാട് ആദിവാസി കോളനിയിലെ സാമുവൽ (സ്റ്റീഫൻ -28), മുരുകേശൻ (28) എന്നിവരെ കഴിഞ്ഞ വർഷം ആഗസ്റ്റ് 30നാണ് കാണാതായത്. സാമുവൽ ജോലിചെയ്തിരുന്ന ചപ്പക്കാട്ടിലെ തോട്ടം ഭാഗത്തേക്ക് ഇരുവരും പോകുന്നത് നാട്ടുകാർ കണ്ടതായി കൊല്ലങ്കോട് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സാമുവൽ ഉപയോഗിച്ച ഫോൺ അന്നു രാത്രി 10.30 മുതൽ ഓഫായതിനാൽ സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണം ഫലവത്തായിരുന്നില്ല. തുടർന്ന്, പൊലീസ് നായെ ഉപയോഗിച്ച് സ്വകാര്യ തോട്ടങ്ങളിലും വനപ്രദേശത്തും പരിശോധന നടത്തി. പിന്നീട് മണ്ണിനടിയിലെ മൃതശരീരം തിരിച്ചറിയാൻ ശേഷിയുള്ള ബെൽജിയം ഇനം നായുടെ പരിശോധനയിലും ഫലമുണ്ടായില്ല.
കള്ളുചെത്ത് നടത്തുന്ന തോട്ടത്തിലെത്തിയ പൊലീസ് നായ് ഒരു ഷെഡിനു ചുറ്റും ഓടിയിരുന്നു. ഈ ഭാഗത്തുവെച്ചുതന്നെയാണ് ഫോൺ ഓഫായത് എന്നതിനാൽ ദുരൂഹത വർധിച്ചു. ഇവരെ കാണാതായ ദിവസവും പൊലീസ് നായ് വരുന്നതിനു മുമ്പും മഴ പെയ്തത് തിരിച്ചടിയായി.
ഡ്രോൺ പറത്തിയും വനംവകുപ്പിനൊപ്പം വനത്തിലും സ്വകാര്യ തോട്ടങ്ങളിലും തിരച്ചിൽ നടത്തിയും പൊലീസ് ശ്രമം തുടർന്നു. കൂടാതെ അഗ്നിരക്ഷസേന ദിവസങ്ങളോളം ചപ്പക്കാട് മേഖലയിലെ തോട്ടങ്ങളിലെ കൊക്കർണികൾ, കിണറുകൾ എന്നിവയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
കേസ് നിലവിൽ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ 13 അംഗ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തശേഷം സംശയം തോന്നിയ കൊക്കർണിയിലെ വെള്ളം വറ്റിച്ച് വീണ്ടും പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതിനിടെ ആഴ്ചകൾക്കു മുമ്പ് സാമുവലിന്റെ പിതാവ് ശബരിമുത്തുവും കഴിഞ്ഞ ദിവസം സഹോദരൻ ജോയൽ രാജും മരിച്ചു. യുവാക്കളെ കണ്ടെത്താനുള്ള ശ്രമം ഇഴയുകയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.