വിവാഹാഭ്യർഥന നിരസിച്ച യുവസംരംഭകയെ കഞ്ചാവ് കേസിൽ കുടുക്കി
text_fieldsതിരുവനന്തപുരം: വസ്ത്രനിർമാണ സ്ഥാപനമായ വീവേഴ്‌സ് വില്ലേജില്‍നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ വഴിത്തിരിവ്. വിവാഹാഭ്യർഥന നിരസിച്ചതിെൻറ പേരില്‍ സ്ഥാപനത്തിെൻറ ഉടമയായ ശോഭ വിശ്വനാഥിനെ കുടുക്കാന്‍ മുന്‍ സുഹൃത്താണ് കഞ്ചാവ് കൊണ്ടുവെച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. നഗരത്തിലെ സ്വകാര്യ ആശുപത്രി ഉടമയുടെ മകനാണ് യുവസംരംഭകയെ കുടുക്കിയത്.
കഴിഞ്ഞ ജനുവരി 31നാണ് വഴുതക്കാട്ടെ വീവേഴ്‌സ് വില്ലേജില്‍നിന്ന് നര്‍ക്കോട്ടിക് വിഭാഗം 850 ഗ്രാം കഞ്ചാവ് പിടികൂടുന്നത്. തുടർന്ന് ശോഭയെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരുടെ ഫ്ലാറ്റിലും മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ശോഭ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതോടെയാണ് കഥമാറുന്നത്.
മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശിച്ചു. ശോഭയുടെ സുഹൃത്തും നഗരത്തിലെ സ്വകാര്യ ആശുപത്രിയുടെ ഉടമയുടെ മകനുമായ ഹരീഷാണ് കേസിന് പിന്നിലെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്രമക്കേടിന് വീവേഴ്‌സ് വില്ലേജില്‍നിന്ന് പുറത്താക്കിയ ജീവനക്കാരന്‍ വിവേക് രാജിന് ഹരീഷ് കഞ്ചാവ് നല്‍കി.
സ്ഥാപനത്തിലെ ജീവനക്കാരിയുടെ സഹായത്തോടെ വിവേക് രാജാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചത്. ഇക്കാര്യം വിവേക് രാജ് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. കഞ്ചാവ് കൊണ്ടുെവച്ചശേഷം വീവേഴ്‌സ് വില്ലേജില്‍ ലഹരി വില്‍പനയുണ്ടെന്ന കാര്യം ഹരീഷ് തന്നെയാണ് പൊലീസിനെ അറിയിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
ഹരീഷിനെയും വിവേക് രാജിനെയും പ്രതിയാക്കി പുതിയ എഫ്.ഐ.ആര്‍ കോടതിയില്‍ നല്‍കിയ ക്രൈംബ്രാഞ്ച്് ശോഭക്കെതിരായ കേസ് റദ്ദാക്കി. വിവേക് അറസ്റ്റിലായെങ്കിലും മുഖ്യ ആസൂത്രകന്‍ ഹരീഷിനെ ഇതുവരെ അറസ്റ്റ് ചെയ്തില്ല. ഹരീഷ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.