ഒാൺലൈൻ സുഹൃത്തിന് 'കേരളത്തിൽ വരാൻ മോഹം'; യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം
text_fieldsചാവക്കാട്: ഓൺലൈൻ തട്ടിപ്പിന് ഇരയായി കടപ്പുറം അഞ്ചങ്ങാടി സ്വദേശിയായ യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ. അമേരിക്കൻ ആർമിയിലെ സ്പെഷൽ ഫോഴ്സിലെ അഡ്മിറൽ റാങ്കുകാരിയായ ഡോ. ജനിഫർ ഓസ്കാർ എന്ന പേരിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ടാണ് യുവാവിൽനിന്ന് പണം തട്ടിയെടുത്തത്.
മാസങ്ങൾക്ക് മുമ്പാണ് തട്ടിപ്പിന് തുടക്കം. കേരളത്തിൽ ആശുപത്രി തുടങ്ങാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പിനു കളമൊരുക്കിയത്. കേരളത്തിൽ വന്നാൽ താമസിക്കാൻ മൂന്നു മുറികളുള്ള വീടും യാത്ര ചെയ്യാൻ കാറും ഏർപ്പാടാക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിെൻറ വിശ്വാസം നേടുകയായിരുന്നു. കേരളത്തിലേക്ക് വരുന്നതിന് മുന്നോടിയായി രണ്ടര ലക്ഷം ഡോളറും വിലപിടിപ്പുള്ള മറ്റു സാധനങ്ങളും ഇയാളുടെ പേരിൽ അയക്കുന്നുണ്ടെന്നും അറിയിച്ചു. വിശ്വാസ്യതക്ക് അതിലെ സാധനങ്ങളുടെ ഫോട്ടോകളും അയച്ചു.
പിന്നീട് പാർസൽ ഡൽഹിയിൽ എത്തിയിട്ടുണ്ടെന്നും അവിടെനിന്നുള്ള ഏജൻറാണെന്നും പറഞ്ഞ് മറ്റൊരാൾ വിളിച്ചു. കസ്റ്റംസ് സ്‌കാനിങ്ങിൽ പാർസലിൽ ഡോളർ കണ്ടത് വിനയായെന്നും പിഴയായി അവർ നൽകിയ അക്കൗണ്ടിലേക്ക് പണമയക്കാനും ആവശ്യപ്പെട്ടു. പിന്നീട് ഡ്യൂട്ടി എന്നും മറ്റും പറഞ്ഞു രണ്ടുതവണ കൂടി പണം അയപ്പിച്ചു. മാതാവിെൻറ പേരിൽ ബാങ്കിലുള്ള പണവും സ്വർണാഭരണം വിറ്റുകിട്ടിയതും അയൽവീട്ടിൽനിന്ന് കടം വാങ്ങിയതും ചേർത്താണ് മൂന്നു പ്രാവശ്യമായി യുവാവ് പണം അയച്ചത്.
പിന്നീട്, രണ്ടര ലക്ഷം ഡോളർ അയച്ചുനൽകാമെന്നും എന്നാൽ, യുവാവ് നൽകിയ ബാങ്ക് അഡ്രസിലെ ഇ-മെയിൽ വിലാസം ശരിയല്ലെന്നും 'ഡൽഹി ഏജൻറ്' അറിയിച്ചു. കൂടുതൽ തട്ടിപ്പിന് കളമൊരുക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇ-മെയിൽ നൽകാൻ ചാവക്കാട്ടെ ബാങ്കിലെത്തിയ യവാവിനെയും കൂട്ടുകാരനെയും മന്ദലാംകുന്ന് സ്വദേശി കെ.എം. ലുഖ്മാൻ പരിചയപ്പെട്ടതോടെയാണ് ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഇവർക്ക് ബോധ്യമായത്. ബാങ്ക് ജീവനക്കാരും ഇക്കാര്യം ശരിവെച്ചു. 'ഡൽഹിയിലെ ഏജൻറി'നെ ഫോണിൽ വിളിച്ച് ബാങ്കിലെ സ്റ്റാഫിന് നൽകിയപ്പോൾ സോറി പറഞ്ഞ് അയാൾ ഫോൺ ഓഫാക്കുകയായിരുന്നു. ചാവക്കാട് പൊലീസിൽ പരാതി നൽകുമെന്ന് യുവാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.