വ്യാപാര സ്ഥാപനത്തിൽ 45 ലക്ഷത്തിന്‍റെ തട്ടിപ്പ് നടത്തി മുങ്ങിയ യുവാവ് അറസ്റ്റിൽ
text_fieldsകോട്ടയം: ഏറ്റുമാനൂരിലെ പ്രമുഖ ഹോൾസെയിൽ സ്ഥാപനത്തിൽ അക്കൗണ്ട് ആയി ജോലി ചെയ്തുവരവേ കണക്കിൽ തിരിമറി നടത്തി 45 ലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയ ശേഷം മുങ്ങി നടന്നിരുന്ന യുവാവ് പിടിയിൽ. തിരുവനന്തപുരം കുടപ്പനമൂട് നെല്ലിക്കാമല തടത്തിനകത്ത് വീട്ടിൽ എം.എസ്. സുജിത്തിനെ (32) യാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ടൈൽ വിൽപന സ്ഥാപനത്തിൽ ബില്ലിൽ തിരിമറി നടത്തിയ ശേഷം സ്റ്റോക്കിൽ ഡാമേജ് കാണിച്ചാണ് സുജിത്ത് പണം തട്ടിയത്. ഒരു വർഷമായി നടത്തിവന്ന തട്ടിപ്പ്, കടയുടമ സ്റ്റോക്ക് എടുപ്പ് നടത്തിയപ്പോഴാണ് കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകുകയും കോട്ടയം ഡിവൈ.എസ്.പിയായിരുന്ന കെ.ജി. അനീഷിന്‍റെ നിർദ്ദേശാനുസരണം ഏറ്റുമാനൂർ മുൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെയും പ്രിൻസിപ്പൽ എസ്.ഐ സാഗറിന്‍റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സുജിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
മേൽവിലാസം മാറ്റി പല സ്ഥലങ്ങളിലായി വാടക്ക് താമസിച്ചിരുന്നതിനാൽ ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഏറ്റുമാനൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് കോട്ടയം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ മേൽനോട്ടത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ ഷോജൻ വർഗീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കിടങ്ങൂർ കൊമ്പനാംകുന്ന് ഭാഗത്ത് വാടകക്ക് താമസിക്കുകയാണെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.