മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsപട്ടാമ്പി : മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജ രേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മുളയൻകാവ് ബേബി ലാൻഡ് ആനന്ദിനെയാണ്( 39) പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുതുതല സ്വദേശിയായ കിഷോർ എന്നയാളിൽ നിന്നും ആനന്ദ് വിവിധ തവണകളിലായി 61 ലക്ഷം രൂപ വാങ്ങിക്കുകയും പണം തിരികെ ചോദിച്ച സമയം സർക്കാരിൽ നിന്നും തനിക്ക് 64 കോടി ലഭിക്കാനുണ്ട് എന്ന് പറഞ്ഞു മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ട വ്യാജ രേഖകൾ കാണിച്ചു കൊടുക്കുകയും ഇക്കാര്യങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ടി പൊതുമരമത്ത് മന്ത്രിക്ക് പേ-ടിഎം വഴി 98000 രൂപ അയച്ചു കൊടുത്തിട്ടുണ്ട് എന്നും പരാതിക്കാരനെ വിശ്വസിപ്പിക്കുകയായിരുന്നു.
സംശയം തോന്നിയ കിഷോർ പട്ടാമ്പി പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും തുടർന്ന് സൈബർ വിദഗ്ധരുടെ സഹായത്തോടെ വിശദമായി നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട് റെയ്ഡ് ചെയ്യുകയും വ്യാജ രേഖകൾ നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി സമാന രീതിയിൽ നിരവധി ആളുകളെ വഞ്ചിച്ച് തട്ടിപ്പ് നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ഷൊർണ്ണൂർ ഡി. വൈ. എസ്. പി ആർ. മനോജ്‌കുമാർ എന്നിവരുടെ മേൽനോട്ടത്തിൽ പട്ടാമ്പി പൊലീസ് ഇൻസ്‌പെക്ടർ പി. കെ പത്മരാജൻ, എസ്. ഐ.മാരായ കെ.മണികണ്ഠൻ,കെ. മധുസൂദനൻ, എ. എസ്. ഐ.എൻ. എസ്.മണി, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി.വിനീത്കുമാർ,കെ. എം. ഷെബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.