തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു
text_fieldsതിരുവല്ലം (തിരുവനന്തപുരം): ജഡ്ജി കുന്നിൽ എത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. തിരുവല്ലം നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
സ്റ്റേഷനിൽ പാർപ്പിക്കവെ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അതേസമയം, സുരേഷ് കുമാറിന് യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലായിരുന്നെന്നും പൊലീസ് മര്‍ദനത്തെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ദമ്പതികളെ ആക്രമിച്ച കേസിൽ ഞായറാഴ്ചയാണ് സുരേഷ് കുമാർ അടക്കം അഞ്ചുപേരെ തിരുവല്ലം പൊലീസ് പിടികൂടിയത്. പൊലീസ് പിടികൂടുമ്പോൾ സംഘം അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
രാവിലെ നെഞ്ചുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതനുസരിച്ച് പൊലീസ് ജീപ്പിൽ സുരേഷിനെ പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെന്ന് പൊലീസ് പറഞ്ഞു. ഹൃദയാഘാത ലക്ഷണങ്ങൾ ഉള്ളതിനാൽ ഡോക്ടർ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
മെഡിക്കൽ കോളജിലേക്കുള്ള യാത്രാമധ്യേ സുരേഷിന്‍റെ ആരോഗ്യനില വഷളായതിനെതുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ലോക്കപ് മര്‍ദനമെന്ന ആരോപണമുയര്‍ന്നതോടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.