ഇതോടെ ഈ വിദ്വേഷ സിനിമയ്ക്ക് പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോ -എ.എ. റഹീം
text_fieldsതിരുവനന്തപുരം: "ദ കേരള സ്റ്റോറി" എന്ന വിദ്വേഷ സിനിമയെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നതോടെ സിനിമക്ക് പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോയെന്ന് ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും രാജ്യസഭാംഗവുമായ എ.എ. റഹീം. കേരളത്തെ അപകീർത്തിപ്പെടുത്താനും സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമയെന്നും അദ്ദേഹം ആരോപിച്ചു.
റഹീമിന്റെ കുറിപ്പിന്റെ പൂർണരൂപം:
"ദ കേരള സ്റ്റോറി" എന്ന വിദ്വേഷ സിനിമയെ പ്രകീർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ഈ വിദ്വേഷ സിനിമയ്ക്ക് പിന്നിൽ ആരാണെന്ന് ഏവർക്കും മനസ്സിലായല്ലോ? കേരളത്തെ അപകീർത്തിപ്പെടുത്താനും, സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം ഉണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും രാജ്യത്തെ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആസൂത്രണമാണ് ഈ സിനിമ.
രാജ്യത്തിന്റെ മതസൗഹാർദത്തെ പോലും ചോദ്യം ചെയ്യുന്ന, വിദ്വേഷവും വെറുപ്പും പ്രസരിപ്പിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയാണ് പ്രധാനമന്ത്രി പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. വിദ്വേഷ പ്രസംഗങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും പ്രോത്സാഹിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവിന് പ്രധാനമന്ത്രി നൽകുന്ന ബഹുമാനം എത്രയാണെന്ന് കൂടി ഇതിൽനിന്ന് വ്യക്തമാകുന്നു.
രാജ്യത്ത് വിദ്വേഷം പടർത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ട പ്രധാനമന്ത്രിയാണ് അതിനെ ന്യായീകരിക്കുന്നതെന്ന് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. പ്രധാനമന്ത്രിസ്ഥാനം ഭരണഘടനാപരമായ പദവിയാണ്. ആ പദവിയിൽ ഇരുന്ന് അദ്ദേഹം വിദ്വേഷ സിനിമയുടെ പ്രചാരകനാകരുത്. വസ്തുതാപരമല്ലാത്ത പച്ചനുണകൾ പ്രധാനമന്ത്രി പദത്തിലുരുന്നു പറയരുത്.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, കേരളത്തോടുള്ള ശ്രീ നരേന്ദ്രമോഡിയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമായിട്ടുള്ളതാണ്. സോമാലിയോട് കേരളത്തെ ഉപമിച്ച പ്രധാനമന്ത്രി ഇപ്പോൾ മറ്റൊരു തലത്തിൽ കേരളത്തെ അപമാനിക്കുന്നവർക്ക് കൂട്ടുനിൽക്കുകയാണ്. കേരളത്തിന്റെ യഥാർത്ഥ ചിത്രം ഇതല്ലെന്ന ഉത്തമ ബോധ്യം അദ്ദേഹത്തിനുണ്ട്. എന്നിട്ടും ഒരു വിദ്വേഷ സിനിമയെ മുൻ നിർത്തി ഈ അഭിമാനകരമായ കേരളത്തെ അപമാനിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രസ്താവന പിൻവലിച്ചു പ്രധാനമന്ത്രി കേരളീയരോട് മാപ്പ് പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.