"മാത്യുകുഴൽനാടന് അറ്റൻഷൻ സീക്കിങ് സിൻഡ്രോം"; വേണമെങ്കിൽ ചികിത്സക്കുള്ള പണം നൽകാൻ സഹായിക്കാമെന്ന് എ.എ.റഹീം എം.പി
text_fieldsതിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ ആരോപണം ഉന്നയിച്ച കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടനെ രൂക്ഷമായി പരിഹസിച്ച് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും രാജ്യസഭ അംഗവുമായ എ.എ.റഹീം. മാത്യു കുഴൽനാടന്റേത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമങ്ങളാണെന്നും 'അറ്റൻഷൻ സീക്കിങ് സിൻഡ്രോം' എന്ന രോഗം കലശലാണെന്നും റഹീം പറഞ്ഞു.
എങ്ങനെയെങ്കിലും ശ്രദ്ധപിടിച്ച് പറ്റി കെ.പി.സി.സി ട്രഷററാകുക എന്നതാണ് ഈ എം.എൽ.എയുടെ ലക്ഷ്യം. ഇത് കേരള രാഷ്ട്രീയത്തെ മലീമസമാക്കുയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഐ.ജി.എസ്.ടി അടച്ചില്ലായെന്നായിരുന്നു ഇതുവരെ പറഞ്ഞു നടന്നത്. ഇപ്പോൾ അടച്ചിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലും മാപ്പ് പറയാൻ അദ്ദേഹം തയാറായിട്ടില്ലെന്നും എ.എ.റഹീം കുറ്റപ്പെടുത്തി. മാത്യു കുഴൽ നാടന് വേണ്ട ചികിത്സ കോൺഗ്രസ് നൽകണം. പണം ഡി.വൈ.എഫ്.ഐ നൽകാൻ സഹായിക്കാമെന്നും റഹീം പരിഹസിച്ചു.
അതേസമയം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാത്യു കുഴൽനാടൻ മാപ്പ് പറയണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ ആവശ്യപ്പെട്ടു. എക്‌സാലോജിക്-സി.എം.ആർ.എൽ ഇടപാടിൽ വീണ നികുതിയടച്ചിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണെന്നും വീണയെ പ്രതിക്കൂട്ടിൽ നിർത്തിയതിന് മാത്യു മാപ്പ് പറയണമെന്നും ബാലൻ പറഞ്ഞു.
എന്നാൽ, ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എന്തുകൊണ്ട് ഏത് കാര്യം പറഞ്ഞുവെന്നുള്ളത് താൻ ജനങ്ങളോട് വിശദീകരിക്കും. അതിന് ശേഷം മാപ്പ് പറയണോ വേണ്ടേ എന്ന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.