ബഡായി പറയാൻ നിൽക്കാതെ ഇക്കയോട് മറുപടി തരാൻ പറ; ഫിറോസിനോട് എ.എ. റഹീം
text_fieldsകോഴിക്കോട്: ഡി.വൈ.എഫ്.ഐ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പരിഹസിച്ച മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കൊള്ളയും അഴിമതിയും വിശദീകരിക്കുന്നത് പി.കെ. ഫിറോസിന് തമാശയായി തോന്നുന്നതിൽ ഒരു അതിശയവുമില്ല. ലീഗിന്റെ യുവജന സംഘടനാ നേതാവിന് ഇതൊക്കെ കേൾക്കുമ്പോൾ വേറെ എന്ത് വികാരം വരാനാണ്? ബഡായി പറയാൻ നിൽക്കാതെ ചോദ്യങ്ങൾക്ക് ഇക്കയോട് മറുപടി പറയാൻ പറ എന്നും എ.എ. റഹീം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കെ.എം. ഷാജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള റഹീമിന്‍റെ പത്രസമ്മേളനം വലിയ തമാശയായിട്ടാണ് തോന്നിയതെന്നും നാലര വർഷക്കാലം പ്രമാദമായ ഒട്ടനവധി വിഷയങ്ങളുണ്ടായിട്ടും ഉണ്ണിയപ്പത്തിന് വില കൂടിയതിനെ കുറിച്ചും ആമസോൺ കാടുകളിൽ തീ പിടിച്ചതിനെ കുറിച്ചും മാത്രം സംസാരിച്ചിരുന്ന ഡി.വൈ.എഫ്.ഐ ജീവിച്ചിരിപ്പുണ്ടെന്നറഞ്ഞതിൽ സന്തോഷമുണ്ടെന്നും നേരത്തെ പി.കെ.ഫിറോസ് പറഞ്ഞിരുന്നു.
ഡി.വൈ.എഫ്.ഐയുടെ വലിപ്പം അളക്കാൻ ഇറങ്ങേണ്ടെന്ന് ഇതിന് മറുപടിയായ റഹീം പറഞ്ഞു. 'പഴശ്ശിയുടെ തന്ത്രങ്ങൾ' പോരാ. വേറെ പഠിച്ചു വാ. ഫേസ്ബുക്കിലും, പാണക്കാട്ടും, ലീഗ് ആപ്പീസിലെ ബിരിയാണി ചെമ്പിന് ചുറ്റിലും വട്ടംചുറ്റി നിൽക്കുന്നത് കൊണ്ടാകും ഡി.വൈ.എഫ്.ഐയെ കാണാത്തത് എന്നും റഹീം പറയുന്നു.
എ.എ. റഹീമിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...
പ്രിയപ്പെട്ട പി.കെ. ഫിറോസിന്, കൊള്ളയും അഴിമതിയും വിശദീകരിക്കുന്നത് താങ്കൾക്ക് തമാശയായി തോന്നുന്നതിൽ ഒരു അതിശയവുമില്ല.ലീഗിന്റെ യുവജന സംഘടനാ നേതാവിന് ഇതൊക്കെ കേൾക്കുമ്പോൾ വേറെ എന്ത് വികാരം വരാനാണ്?. പാലാരിവട്ടം പോലെ ഒരു തമാശ.
ഖമറുദീൻ വേറൊരു തമാശ.
പക്ഷേ ജനങ്ങൾക്ക് ഇത് തമാശയല്ല. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തു ജയിലിൽ കിടക്കുമ്പോൾ കണ്ട ഒരു മോഷ്ടാവായ ചെറുപ്പക്കാരനെയാണ് ഓർമ്മ വരുന്നത്. അയാൾ പറഞ്ഞു, "ഓഹ്.. ഇതൊക്കെ ഒരു തമാശയല്ലേ ചേട്ടാ"..... താങ്കളുടെ ഫെയ്‌സ് ബുക്ക് പ്രതികരണത്തിൽ ഞാൻ ആ മോഷ്ടാവായ ചെറുപ്പക്കാരനെ കാണുന്നു. ഒരുപാട് മോഷണം നടത്തിയും, കൊള്ളയടിച്ചും ശീലമായ അയാൾ പ്രകടിപ്പിച്ച അപകടകരമായ നിസംഗത. ഷാജിയുടെ ആസ്തി അസാധാരണമായി എങ്ങനെ വർദ്ധിച്ചു?
അദ്ദേഹത്തിനോ ഭാര്യക്കോ ജോലിയില്ല.
ഒരു ഭൂമി ഒഴികെ മറ്റൊന്നും പാരമ്പരാഗതമായി കിട്ടിയതല്ല എന്ന് അദ്ദേഹം തന്നെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സ്ഥിരീകരിക്കുന്നു.
ആറിടങ്ങളിൽ അദ്ദേഹത്തിനും ഭാര്യക്കും ഭൂമിയുണ്ട്. ഇതെല്ലാം 2006ന് ശേഷം വാങ്ങിയതാണ്. ലോൺ ഇതിനായി എടുത്തതായി കാണാനില്ല, പിന്നെയെവിടെ നിന്നു ഒരു പൊതു പ്രവർത്തകന് പണം?കോടികൾ എത്തിയത് എവിടെ നിന്ന്? അദ്ദേഹം പറയുന്നു, ഇഞ്ചികൃഷിയെന്നു..
അതും കർണാടകയിൽ..
സമ്മതിക്കാം, പക്ഷേ കൃഷിയിറക്കാൻ ഭൂമി വേണമല്ലോ?കർണാടകയിൽ ഒരു തുണ്ട് ഭൂമി സ്വന്തമായി ഉള്ളതായി അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നില്ല.
ഇനി പാട്ട ഭൂമിയാണ് എന്ന് പറഞ്ഞാൽ... ലാഭം കിട്ടിയതായി പറയുന്ന കോടികൾ ഏത് ബാങ്ക് വഴി കൈമാറി? ഇതൊക്കെയാണ് ചോദിച്ചത്.
ബഡായി പറയാൻ നിൽക്കാതെ ഇക്കയോട് മറുപടി പറയാൻ പറ. നല്ല നാക്കല്ലേ, മോദിയെ വാഴ്ത്തിയ നാവല്ലേ,
അദ്ദേഹം പറയട്ടെ,.. തലയിൽ മുണ്ടിട്ട് പോകാറില്ല എന്ന് പറഞ്ഞു.ഇല്ല അറിയാം, പാലാരിവട്ടം പാലം പൊളിക്കുമ്പോഴും തല ഉയർത്തി "ആഹാ... അന്തസ്സ്" എന്ന് പറയുന്ന നിങ്ങളിൽ, ഒരാൾ ഇത്തരം "തമാശകൾക്ക് " തലയിൽ മുണ്ടിടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. പിന്നെ, ഡിവൈഎഫ്ഐ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചതായി കണ്ടു. ഡിവൈഎഫ്‌ഐയെ താങ്കൾ കാണില്ല തന്നെ. ഫെയ്സ്ബുക്കിലും, പാണക്കാട്ടും, ലീഗ് അപ്പീസിലെ ബിരിയാണി ചെമ്പിന് ചുറ്റിലും വട്ടം ചുറ്റി നിൽക്കുന്നത് കൊണ്ടാകും കാണാത്തത്.
പുറത്തു കോവിഡ് കെയർ സെന്ററിൽ നോക്കിയാൽ കാണാം, പതിനൊന്ന് കോടി രൂപ റീസൈക്കിൾ കേരളയിലൂടെ ഞങ്ങൾ സമാഹരിച്ചു. അതിനായി കല്ല് ചുമന്നു, റോഡ് ടാർ ചെയ്തു. പിന്നെ അധ്വാനിച്ചു... ഇങ്ങനെ ബഡായി പറയാതെ പോയി ഇഞ്ചി കൃഷി ചെയ്യൂ... നല്ല ലാഭമല്ലേ, നേതാവ് ചെയ്ത മാതൃകയിൽ പത്തിടത്ത് ഇഞ്ചി നട്ടാൽ കോടികൾ കിട്ടും, അത് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് നൽകൂ..ഓഹ് ഓർത്തില്ല, ഇവിടെ കൊടുക്കരുത് എന്നാണല്ലോ ഷാജി സാഹിബിന്റെ ഫത്‌വാ.. കുഴപ്പമില്ല അദ്ദേഹത്തിന് വിശ്വാസമുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കൊടുത്താലും മതി. ഡി.വൈ.എഫ്.ഐയുടെ വലിപ്പം അളക്കാൻ ഇറങ്ങേണ്ട...
"പഴശ്ശിയുടെ തന്ത്രങ്ങൾ"പോരാ..
വേറെ പഠിച്ചു വാ.. എന്നിട്ട് ഡിവൈഎഫ്ഐ യെ കുറിച്ചു സംസാരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.