സര്‍ക്കാര്‍ ജോലിക്ക് ആധാർ നിർബന്ധം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ആധാർ നിർബന്ധമാക്കി. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവർ ഒരുമാസത്തിനകം പി.എസ്.സി വണ്‍ടൈം രജിസ്ട്രേഷന് പ്രൊഫൈലുമായി ആധാർ ബന്ധിപ്പിക്കണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവ്.
ജോലിയില്‍ പ്രവേശിച്ച് നിയമന പരിശോധന പൂര്‍ത്തിയാക്കാത്തവരും ആധാര്‍ നമ്പറുമായി പ്രൊഫൈല്‍ ബന്ധിപ്പിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. നിയമന പരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും ആധാര്‍ നിര്‍ബന്ധമാക്കണമെന്ന പി.എസ്.സി ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.
സിവിൽ പൊലീസ് ഓഫിസർ പരീക്ഷ തട്ടിപ്പിനെ തുടർന്നാണ് കഴിഞ്ഞ നവംബറിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ ബയോമെട്രിക് സംവിധാനത്തിലൂടെ ഉറപ്പാക്കുന്നതിന് ആധാറുമായി ലിങ്ക് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പി.എസ്.സി തുടക്കം കുറിച്ചത്. നിലവിൽ 50 ലക്ഷത്തോളം ഉദ്യോഗാർഥികളാണ് ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തത്. പക്ഷേ, ഇവരിൽ 32 ലക്ഷം പേര് മാത്രമാണ് പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിച്ചത്.
ആധാർ ബന്ധിപ്പിക്കുന്നത് എങ്ങനെ?
പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഹോം പേജിൽ കാണുന്ന ആധാർ ലിങ്കിങ് ബട്ടൺ ക്ലിക്ക് ചെയ്യുക. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുള്ള പേര് എന്നിവ നൽകി കൺസെൻറ് ഫോർ ഒാതൻറിക്കേഷനിൽ ടിക് ചെയ്തശേഷം ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്ത് ആധാർ ലിങ്കിങ് പൂർത്തിയാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.