ആധാർ അപ്ഡേഷൻ സമയമുണ്ട്; തിരക്കുവേണ്ട
text_fieldsമലപ്പുറം: സൗജന്യമായി ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സാധിക്കുന്ന സമയപരിധി കേന്ദ്രസർക്കാർ നീട്ടിനൽകിയതിനാൽ ആരും തിരക്കുപിടിക്കേണ്ട. ഡിസംബർ 14 വരെ ആധാർ അപ്ഡേഷൻ നടത്താമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ഉത്തരവിട്ടിട്ടുണ്ട്. യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് കൂടുതൽ ആളുകൾ ആധാർ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെത്തുടർന്നാണ് മൂന്നു മാസത്തേക്കുകൂടി കാലാവധി നീട്ടിയത്. ഓൺലൈനിലൂടെയാണ് ഇപ്പോൾ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാൻ സൗകര്യമുള്ളത്.
ഈ മാസം 14 ആയിരുന്നു നേരത്തേ അനുവദിച്ച സമയം. അതുകൊണ്ടുതന്നെ പല അക്ഷയകേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളുമടക്കം രാവിലെ മുതൽ അക്ഷയകേന്ദ്രങ്ങളിലെത്തി ടോക്കൺ എടുത്താണ് ആധാർ വിവരങ്ങൾ ചേർത്തിരുന്നത്. എല്ലാ അക്ഷയകേന്ദ്രങ്ങളിലും നിലവിൽ ആധാർ അപ്ഡേഷൻ നടത്താൻ സൗകര്യമില്ല. പലരും അയൽ പഞ്ചായത്തുകളിലെയും മറ്റും അക്ഷയകേന്ദ്രങ്ങളിൽ പോയാണ് നിലവിൽ അപ്ഡേഷൻ നടത്തുന്നത്. കിടപ്പിലായ രോഗികൾ ഇക്കാരണംകൊണ്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.
ഈ മാസം 14 കഴിഞ്ഞാൽ 1000 രൂപ വരെ പിഴ നൽകേണ്ടിവരുമെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളും സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്നുണ്ട്. നിലവിൽ ആധാർ -പാൻ ബന്ധിപ്പിക്കാത്തവർക്കാണ് 1000 രൂപ പിഴ നൽകി ബന്ധിപ്പിക്കേണ്ടിവരുന്നത്. അതുപോലെ, ചില അക്ഷയകേന്ദ്രങ്ങൾ ആധാർ അപ്ഡേഷൻ ചെയ്യാനെത്തുന്നവരിൽനിന്ന് കൂടുതൽ തുക ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ, വിവരശേഖരണത്തിനായി അപേക്ഷ പൂരിപ്പിച്ച് നൽകാൻ 10 മുതൽ 30 വരെ രൂപ ഈടാക്കുന്നെന്നും ആക്ഷേപമുണ്ട്. അക്ഷയകേന്ദ്രങ്ങൾ വഴി ചെയ്യുമ്പോൾ ഫീസായി 50 രൂപയാണ് ഈടാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.