ഓർമകൾ വാനോളം; ആദ്യ പതാകയുയർത്തിയ ആലിക്കുട്ടി സ്കൂളിലെത്തി
text_fieldsപരപ്പനങ്ങാടി: 1947 ആഗസ്റ്റ് 15ന് രാജ്യത്തിന്റെ ത്രിവർണ പതാക അഭിമാനപൂർവം വാനിലുയർത്തിയ വിദ്യാർഥി ലീഡർ 90 ന്റെ നിറവിൽ വിദ്യാലയത്തിലെത്തി. നാടിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ചെങ്ങാട് ആലിക്കുട്ടി എന്ന പതിനാലുകാരൻ അഞ്ചാം തരം വിദ്യാർഥിയും പരപ്പനങ്ങാടി ടൗൺ ജി.എം.എൽ.പി സ്കൂൾ ലീഡറുമാണ്. സ്കൂളിന്റെ അന്നത്തെ പ്രധാനാധ്യാപകൻ അക്ഷര വിപ്ലവകാരി കെ.വി. മാഷ് എന്ന കെ.വി. കുഞ്ഞിമുഹമ്മദ് ആയിരുന്നു. മാഷിന്റെ വലംകൈയായ സ്കൂൾ ലീഡർക്കാകട്ടെ അധ്യാപകരെക്കാൾ ഉത്തരവാദിത്വങ്ങൾ.
മറ്റു പല വിദ്യാർഥികളെയും പോലെ എട്ടു വർഷമെടുത്ത് അവസാനം അഞ്ചാം ക്ലാസിലും തോറ്റാണ് ആലിക്കുട്ടി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കടമ്പ കടന്നത്. വിദ്യാലയ ജീവിതം ഏറെക്കുറെ മറവിയിലായെങ്കിലും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ മുഹൂർത്തത്തിൽ കെ.വി. മാഷോടൊപ്പം സ്കൂളിൽ പതാക ഉയർത്താനും അസംബ്ലിയിൽ അണിനിരന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും മുന്നിൽ, സ്വതന്ത്ര ഇന്ത്യയുടെ പതാകക്ക് നേരെ ആദ്യ സല്യൂട്ട് ചെയ്യാനും ഭാഗ്യം ലഭിച്ചത് ഒരിക്കലും മായാത്ത ഓർമയാണെന്ന് ആലിക്കുട്ടിക്ക പറഞ്ഞു.
സ്വാതന്ത്ര്യ മുഹൂർത്തത്തിൽ കെ.വി. മാഷോടൊപ്പം പതാക ഉയർത്തിയ സ്മരണ പങ്കുവെക്കാൻ തിങ്കളാഴ്ച ടൗൺ ജി.എം.എൽ.പി സ്കൂളിലെത്തിയ ആലിക്കുട്ടിയെ പ്രധാനാധ്യാപകൻ ബോബനും സഹ അധ്യാപകരും ചേർന്ന് സ്വീകരിച്ചു. ഇത്തരമൊരു ചരിത്രത്തെ പൊടി തട്ടി ശ്രദ്ധയിൽ കൊണ്ടുവന്ന ‘മാധ്യമം’പത്രത്തെയും അധ്യാപകർ അഭിനന്ദിച്ചു.സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയാകും ലിക്കുട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.