ആം ആദ്മി-ട്വന്റി20 സഖ്യം വഴിപിരിഞ്ഞു
text_fieldsകൊച്ചി: മുന്നണികൾക്ക് ബദലാകുമെന്ന പ്രഖ്യാപനവുമായി രൂപംകൊണ്ട ജനക്ഷേമ സഖ്യം വഴിപിരിഞ്ഞു. ആം ആദ്മി പാർട്ടി സംസ്ഥാന ഘടകവും കിഴക്കമ്പലത്തെ ട്വന്റി20യും ചേർന്ന് രൂപംനൽകിയ ജനക്ഷേമ സഖ്യമാണ് രൂപവത്കൃതമായി ഒന്നര വർഷമാകുമ്പോൾ കാര്യമായ ഒരു പ്രവർത്തനവും നടത്താതെ വഴിപിരിഞ്ഞത്.
സംസ്ഥാനത്തെ മൂന്ന് മുന്നണിക്കും ബദലെന്ന പ്രഖ്യാപനവുമായി കഴിഞ്ഞ വർഷം മേയ് 15നാണ് സഖ്യം രൂപവത്കരിച്ചത്. കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബും പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു സഖ്യ പ്രഖ്യാപനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിൽ ശ്രദ്ധേയ വിജയം നേടിയ ട്വന്റി20 നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ മൂന്നാം സ്ഥാനത്തെത്തുകയും മത്സരിച്ച മറ്റ് മണ്ഡലങ്ങളിൽ കാര്യമായ വോട്ട് നേടുകയും ചെയ്തിരുന്നു. ഇതിന്റെകൂടി ആവേശത്തിലായിരുന്നു സഖ്യ രൂപവത്കരണം. പരമ്പരാഗത പാർട്ടികളുടെ ചൂഷണത്തിനും അഴിമതിക്കുമെതിരെ എന്ന പ്രഖ്യാപനത്തോടെയായിരുന്നു സഖ്യം. എന്നാൽ, കെജ്രിവാൾ നേരിട്ടെത്തി പ്രഖ്യാപനം നടത്തിയതല്ലാതെ പിന്നീട് സഖ്യത്തിന്റേതായ ഒരു കർമപരിപാടിയുമുണ്ടായില്ല. രണ്ട് പാർട്ടിയും തമ്മിലുള്ള മൂപ്പിളമ തർക്കമാണ് ഇതിന് കാരണം. ആം ആദ്മി സംസ്ഥാന ഘടകമാകട്ടെ സ്വന്തം നിലയിൽ പ്രചാരണങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ വിരുദ്ധ പരിപാടികളും നടത്തിയിരുന്നു. എന്നാൽ, സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലല്ലാതെ പ്രതിഷേധ പരിപാടികളൊന്നും നടത്താറില്ലാത്ത ട്വന്റി20 ഇത്തരം പരിപാടികളിൽനിന്നെല്ലാം വിട്ടുനിന്നു.
കേന്ദ്രത്തിനെതിരെ മൃദു സമീപനം സ്വീകരിക്കുന്ന അവർ, സംസ്ഥാന സർക്കാറിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രിയെയും വിമർശിക്കുന്ന ചില ട്രോളുകൾ പുറത്തിറക്കുന്നതിൽ മാത്രം പ്രതിഷേധം ഒതുക്കുകയായിരുന്നു.
അതേസമയം, ദേശീയ തലത്തിൽ കെജ്രിവാൾ സ്വീകരിക്കുന്ന കടുത്ത ബി.ജെ.പി വിരുദ്ധ നിലപാടാണ് ട്വന്റി20 നേതൃത്വത്തിന്റെ അപ്രീതിക്ക് കാരണമെന്നാണ് ആം ആദ്മി അണികൾ പറയുന്നത്. മുഖ്യധാര പാർട്ടികൾക്കെതിരെ എന്ന് പറയുമ്പോഴും ബി.ജെ.പി സർക്കാറിനെതിരെ മൗനം പാലിക്കുന്ന സമീപനമാണ് അവരുടേതെന്നും തങ്ങളുടെ ദേശീയ നേതാക്കളെയടക്കം കേന്ദ്ര സർക്കാർ വേട്ടയാടിയിട്ടും ഘടകകക്ഷി എന്ന നിലയിൽ ഒരു പ്രതികരണവും ഉണ്ടാകാത്തത് ഇതിന് തെളിവാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത ട്വന്റി20 ഇക്കുറി പുതുപ്പള്ളിയിലാകട്ടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വർധിപ്പിക്കണമെന്ന ആഹ്വാനമാണ് നൽകുന്നത്. എന്നാൽ, ആം ആദ്മി സ്വന്തം സ്ഥാനാർഥിയെ നിർത്തിയിരിക്കുകയുമാണ്.
സഖ്യം നിർജീവമായെന്ന് സാബു എം. ജേക്കബ്
ജനക്ഷേമ സഖ്യം നിർജീവമായ സാഹചര്യമാണെന്ന് ട്വന്റി20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ്. കേരളത്തിലെ ആം ആദ്മി ഘടകത്തിന് തങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
കൂടിയാലോചനകളോ ചർച്ചകളോ നടക്കാറില്ല. സഖ്യം നിലവിലുണ്ടായിരുന്നെങ്കിൽ പുതുപ്പള്ളിയിൽ കൂടിയാലോചനയില്ലാതെ ആം ആദ്മി സ്ഥാനാർഥിയെ നിർത്തുമായിരുന്നില്ല. അതുകൊണ്ടുതന്നെ കെജ്രിവാൾ സഖ്യം പ്രഖ്യാപിച്ചെങ്കിലും നിലവിൽ അത് നിർജീവമാണ്. ആം ആദ്മി കൂടി ചേർന്ന് ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികൾ രൂപവത്കരിച്ച ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാകാൻ തങ്ങളില്ല. സംസ്ഥാന ഭരണത്തിൽ ജനം ദുരിതമനുഭവിക്കുകയാണ്. അതിന്റെ തിരിച്ചടി പുതുപ്പള്ളിയിലുണ്ടാകും.
ജനരോഷം ചിതറിപ്പോകാതിരിക്കാനാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും സ്ഥാനാർഥിയെ നിർത്താതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.