ഇപ്പോഴും ഇരുട്ടിലാണ് ആമചാടി തേവനെന്ന പോരാളി
text_fieldsകോട്ടയം: അയിത്തം ആരോപിച്ച് മാറ്റിനിർത്തിയ വൈക്കത്തെ ക്ഷേത്രവഴികൾ താനുൾപ്പെടുന്ന സമൂഹത്തിനു തുറന്നുകിട്ടാൻ ആമചാടി തേവൻ നഷ്ടപ്പെടുത്തിയത് തന്റെ ജീവിതത്തിലെ വെളിച്ചമാണ്. സത്യഗ്രഹം 100 വയസ്സിലെത്തുമ്പോഴും ആ നവോത്ഥാന നായകൻ അവഗണനയുടെ ഇരുട്ടിലാണ്.
അന്യാധീനപ്പെട്ട ഭൂമി വിട്ടുകിട്ടാൻ തേവന്റെ ഇളയമകൻ പ്രഭാകരൻ 81ാംവയസ്സിലും മുട്ടാത്ത വാതിലുകളില്ല. തേവന്റേതായി അവശേഷിക്കുന്ന വീടും കല്ലറയും വീണ്ടുകിട്ടാൻ ഈ വയോധികൻ ഇപ്പോഴും അലയുകയാണ്.
സാമൂഹിക പരിഷ്കർത്താവ് എന്ന നിലയിൽ സർക്കാർ പതിച്ചുനൽകിയതാണ് ആമചാടി തുരുത്തിലെ ഒരേക്കർ മൂന്നുസെന്റ് കായൽനിലം. ഇവിടെയാണ് തേവൻ മരണം വരെ കുടുംബമൊന്നിച്ചു താമസിച്ചിരുന്നത്. തേവന്റെ ഭാര്യയുടെ മൃതദേഹം അടക്കിയതും ഈ മണ്ണിലാണ്.
തേവന്റെ കാലത്ത് സാമ്പത്തിക ആവശ്യം വന്നപ്പോൾ 60 സെന്റ് പണയം വെച്ചതാണ് എന്നാണ് പ്രഭാകരൻ പറയുന്നത്. പിന്നീട് ഭൂമി തിരിച്ചുകിട്ടിയിട്ടില്ല. മാത്രമല്ല ബാക്കി 43 സെന്റ് കൈയേറുകയും കല്ലറ മണ്ണിട്ടുമൂടുകയും ചെയ്തതായി പ്രഭാകരൻ ആരോപിക്കുന്നു. റീസർവേ പ്രകാരം ഭൂമി മറ്റൊരാളുടെ പേരിലാണ്. തേവന്റെ ഭൂമി ഭാഗം വെച്ചു കിട്ടിയ ബന്ധുക്കൾ തനിക്കു വിറ്റതാണെന്നാണ് ആരോപണവിധേയന്റെ വിശദീകരണം.
അങ്ങനെയല്ലെന്നു പ്രഭാകരനും പറയുന്നു. ശതാബ്ദി ആഘോഷവേളയിലെങ്കിലും തന്റെ പിതാവിന്റെ പേരിലുള്ള ഭൂമി തിരിച്ചെടുത്തുതരണമെന്നാണ് കണ്ണീരോടെ പ്രഭാകരന്റെ അപേക്ഷ. അല്ലെങ്കിൽ വീടും കല്ലറയും ഉൾപ്പെട്ട സ്ഥലം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം. തേവന്റെ ഫോട്ടോപോലും പ്രഭാകരന്റെ കൈയിലില്ല.
തുരുത്തിലെ വെള്ളപ്പൊക്കത്തിൽ എല്ലാം നശിച്ചു. അമ്മയുണ്ടായിരുന്ന കാലത്ത് എന്നും പിതാവിന്റെ കല്ലറയിൽ തിരികൊളുത്തുമായിരുന്നു. നേരത്തേ പ്രഭാകരൻ വള്ളത്തിൽ തുരുത്തിൽ പോയി കല്ലറ വൃത്തിയാക്കിയിടുമായിരുന്നെങ്കിലും പ്രായാധിക്യം മൂലം ഇപ്പോൾ വയ്യ. വലിയ പൂവരശിൻ കീഴെ രണ്ടു മുറിയുള്ള കുഞ്ഞുവീട് ഇടിഞ്ഞുവീഴാറായ നിലയിലാണ്. അഡീഷനൽ വില്ലേജ് അസിസ്റ്റന്റായി വിരമിച്ച പ്രഭാകരൻ അവിവാഹിതനാണ്. പൂത്തോട്ട ജങ്കാർജെട്ടിക്കു സമീപം ഒറ്റക്കാണ് താമസം.
വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ച് വാങ്ങിയതാണ് പൂത്തോട്ടയിലെ ഏഴുസെന്റ് ഭൂമി. രണ്ടു വിവാഹത്തിലായി 12 മക്കളാണ് തേവന്. ആദ്യഭാര്യ മരിച്ച ശേഷമായിരുന്നു രണ്ടാം വിവാഹം. ആ വിവാഹത്തിലെ എട്ടാമനായ പ്രഭാകരൻ മാത്രമാണ് മക്കളിൽ അവശേഷിക്കുന്നത്.
സമരചരിത്രത്തിലെ നേതാക്കളെല്ലാം അന്നുമിന്നും വാഴ്ത്തപ്പെടുന്നുണ്ടെങ്കിലും അവിടെയൊന്നും തേവൻ എന്ന ദലിതനെ കാണാനാവില്ല. തേവനെ തേടിച്ചെല്ലുന്നവരെ കാത്ത് പൂത്തോട്ടയിൽ പ്രഭാകരൻ എന്നുമുണ്ടാകണമെന്നുമില്ല. തുരുത്തിലെ ആ വീടും പുരയിടവും ഇല്ലാതാവുന്നതോടെ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നതിന്റെ തെളിവും ഈ ലോകത്തുനിന്ന് അപ്രത്യക്ഷമാവും.
എന്താണ് സംഭവിച്ചതെന്ന് റവന്യൂ വിഭാഗം അന്വേഷിക്കും -സി.കെ. ആശ
കോട്ടയം: ഭൂമിയുടെ കാര്യത്തിൽ എന്താണു സംഭവിച്ചതെന്ന് റവന്യൂ വിഭാഗം അന്വേഷിച്ചുവരുകയാണെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലം മുതൽ താൻ വിഷയത്തിൽ ഇടപെടുന്നുണ്ട്. ഭൗതിക ശരീരം അടക്കിയ ഭൂമി നിലവിൽ മറ്റൊരാളുടെ പേരിലാണ്. തനിക്ക് വിറ്റതാണെന്നാണ് സ്ഥലം കൈവശം വെച്ചിരിക്കുന്നയാൾ പറയുന്നത്. അത് കണ്ടെത്തേണ്ടത് റവന്യൂ വകുപ്പാണ്.
നടപടികൾ അന്തിമഘട്ടത്തിലായിട്ടില്ല. ബന്ധുക്കൾ കൈമാറിയതാണെങ്കിൽ ഭൂമി വിലകൊടുത്തു വാങ്ങി നൽകും. കൈയേറ്റമാണെങ്കിൽ ഒഴിപ്പിക്കും. തേവന്റെ സ്മൃതി അവിടെ നിലനിർത്തണമെന്നുതന്നെയാണ് സർക്കാറും എം.എൽ.എ എന്ന നിലയിൽ താനും ആഗ്രഹിക്കുന്നത്. സർക്കാർ അതിനുള്ള ഇടപെടലുകൾ നടത്തിവരുകയാണെന്നും എം.എൽ.എ വ്യക്തമാക്കി.
ആമചാടി തേവൻ
വൈക്കം സത്യഗ്രഹചരിത്രത്തിൽ മാത്രമല്ല പൂത്തോട്ട സംഭവത്തിലും ഉൾപ്പെട്ട പോരാളിയാണ് ആമചാടി തേവൻ എന്ന കണ്ണൻ തേവൻ. പുലയ സമുദായ അംഗമായ തേവൻ ജനിച്ചുവളർന്നത് ആലപ്പുഴയിലെ പെരുമ്പളം ദ്വീപിലാണ്. കണ്ണോത്തു തറവാട്ടിലെ പണിക്കരായിരുന്ന മാതാപിതാക്കൾ കണ്ണനും കാളിയും വസൂരി ബാധിച്ചു മരിച്ചശേഷം തേവനെ വളർത്തിയത് അവിടത്തെ അച്ചുക്കുട്ടി തമ്പുരാട്ടിയാണ്. മക്കളോടൊപ്പമിരുത്തി അവർ തേവനെയും അക്ഷരം പഠിപ്പിച്ചു.
സമൂഹത്തിൽ അധഃസ്ഥിത വിഭാഗങ്ങൾ അനുഭവിക്കുന്ന വിവേചനങ്ങൾ ചോദ്യം ചെയ്തതോടെ സവർണവിഭാഗത്തിന്റെ കണ്ണിലെ കരടായി തേവൻ. സവർണരെ പേടിച്ച് ദലിത് സമുദായ അംഗങ്ങൾ സമരത്തിൽ കടന്നുവരാൻ പ്രത്യക്ഷത്തിൽ ധൈര്യം കാണിക്കാതിരുന്നപ്പോഴാണ് തേവൻ മടിയില്ലാതെ സത്യഗ്രഹികൾക്കൊപ്പം നിന്നത്.
ഒരിക്കൽ സത്യഗ്രഹ പന്തലിൽനിന്ന് മടങ്ങുന്ന വഴി തേവന്റെയും സഹപ്രവർത്തകരുടെയും കണ്ണിൽ സമരവിരോധികൾ ചുണ്ണാമ്പും കമ്മട്ടിപ്പാലും (കമ്മട്ടി മരത്തിന്റെ കറ) ചേർന്ന മിശ്രിതം കലക്കി ഒഴിച്ചതോടെ തേവന്റെ കാഴ്ച നഷ്ടപ്പെട്ടു.
വിവാഹശേഷമാണ് തേവൻ എറണാകുളം ജില്ലയിലെ ആമചാടി തുരുത്തിലെത്തി കുടിൽ കെട്ടി താമസമാക്കിയത്. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ വേമ്പനാട്ടുകായലിലാണ് ഈ തുരുത്ത്. മനുഷ്യവാസമില്ലാതിരുന്ന ഈ ദ്വീപിൽ ആമകൾ വെള്ളത്തിലേക്കു ചാടുന്ന കാഴ്ച പതിവായിരുന്നതിനാലാണ് തുരുത്തിന് ആമചാടി എന്നുപേരു വന്നത്.
സത്യഗ്രഹത്തിൽ പങ്കെടുത്തതിന് തേവനെ ജയിലിടച്ചപ്പോൾ ഭാര്യ പൊന്നാച്ചിയും മക്കളും വൈക്കത്തെ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. സത്യഗ്രഹം കഴിഞ്ഞാണ് തേവൻ പുറത്തുവരുന്നത്. തുരുത്തിൽ തിരിച്ചെത്തിയപ്പോൾ തന്റെ കുടിൽ അവശേഷിച്ചിരുന്നില്ല. താമസിക്കാനിടമില്ലാതായ തേവന് ടി.കെ. മാധവന്റെ ശ്രമഫലമായി 104 ഏക്കർ കായൽ നിലം സർക്കാർ പതിച്ചുനൽകി. ഇവിടെ കഴിയുന്നതിനിടെ 84ാം വയസ്സിലാണ് അർബുദം ബാധിച്ച് തേവൻ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.