പുലി പതുങ്ങുന്നത് പിൻവാങ്ങാൻ അല്ല, കുതിക്കാൻ ആണെന്ന് എ.എ.പി
text_fieldsകൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങാത്തത് വരാനിരിക്കുന്ന മറ്റ് തെരഞ്ഞെടുപ്പിൽ ശക്തമായ സാന്നിധ്യമാകാനാണെന്ന് ആം ആദ്മി പാർട്ടി. പുലി പതുങ്ങുന്നത് പിൻവാങ്ങാൻ അല്ല കുതിക്കാൻ ആണെന്ന് ഫേസ്ബുക് പേജിലെ കുറിപ്പിൽ പാർട്ടി ചൂണ്ടിക്കാട്ടി.
ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പല്ല ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഗോദയിൽ കാണാം. ആം ആദ്മി പാർട്ടിയുടെ കൊടിയേറ്റം കാണാൻ ഒരുങ്ങി നിന്നോയെന്നും പാർട്ടി പറയുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി20യുമായി സഖ്യമുണ്ടാക്കി ആം ആദ്മി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു.
എ.എ.പിയുടെ അടിസ്ഥാന ലക്ഷ്യം പൊതുതെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് അധികാരം നേടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുക എന്നതാണെന്ന് പാർട്ടി വിശദീകരിക്കുന്നു. ഈ പൊതുനയം കാരണം പാർട്ടി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളിൽ ഉപ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ പാർട്ടി തയാറല്ല. ഇനി വരുന്ന എല്ലാ പൊതുതെരഞ്ഞെടുപ്പുകളിലും എല്ലാ സീറ്റിലും കേരളത്തിൽ മത്സരിക്കുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കി.
കേരളത്തിലെ പത്തിൽ മൂന്ന് പേരും തങ്ങളെ പിന്തുണക്കുന്നുവെന്ന് ആം ആദ്മി പാർട്ടി
കേരളത്തിലെ ഓരോ പത്തുപേരിലും മൂന്ന് പേർ വീതം തങ്ങളെ പിന്തുണക്കുന്നവരാണെന്നാണ് ആം ആദ്മി പാർട്ടി അവകാശപ്പെട്ടത്. എല്ലാ സർവേയിലും പത്തിൽ കുറഞ്ഞത് മൂന്നു പേർ ആം ആദ്മി പാർട്ടി കേരളത്തിൽ ശക്തമാകുന്നതിനെ പിന്തുണച്ചു. ഒരു സർവേയിൽ പത്തിൽ നാലു പേരുടെ വരെ പിന്തുണ പാർട്ടിക്ക് ഉണ്ടെന്ന് വ്യക്തമായതായും ആം ആദ്മി പാർട്ടി അവകാശപ്പെട്ടിരുന്നു. കേരളത്തിൽ പാർട്ടിക്ക് സാധ്യതയുണ്ടോ എന്നറിയാൻ മൂന്നു സർവേകൾ പൂർത്തിയാക്കിയതായും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് ഇവ വിലയിരുത്തിയതായും പാർട്ടി വ്യക്തമാക്കി.
പുതിയ ഒരു രാഷ്ട്രീയം കേരളത്തിൽ വേണം എന്ന നിലപാടാണ് പലരും പ്രകടിപ്പിച്ചത്. രണ്ടു മുന്നണികളുടെ മാത്രം രാഷ്ട്രീയത്തോട് മടുപ്പുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. കേരളം സാമൂഹ്യ വികസന സൂചികയിൽ മുന്നിലാണെങ്കിലും യുവാക്കൾക്ക് അതൃപ്തിയുണ്ട്. പുതിയൊരു രാഷ്ട്രീയത്തിനായി യുവവോട്ടർമാർ കാത്തിരിക്കുന്നു എന്ന കണ്ടെത്തലും സർവേ നടത്തിയവർ നല്കിയ റിപ്പോർട്ടിലുണ്ടെന്ന് പാർട്ടി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.