കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ആഷിഖ് അബുവും റിമയും
text_fieldsകൊച്ചി: ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരം ഏറ്റെടുത്ത് സാംസ്കാരിക കേരളം. അഞ്ചാം ദിവസമായ ബുധനാഴ്ച ഹൈകോടതി ജങ്ഷനിലെ വഞ്ചിസ്ക്വയറിലെ സമരപ്പന്തലിലേക്ക് പൊതുപ്രവർത്തകരും എഴുത്തുകാരും സിനിമ, സംഗീത മേഖലയിലുള്ളവരുമടക്കം നിരവധി പേരാണ് എത്തിയത്.
മുതിർന്ന സി.പി.എം നേതാവ് എം.എം. ലോറൻസ്, ആർ.എം.പി നേതാവ് കെ.കെ. രമ, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, എഴുത്തുകാരായ കൽപറ്റ നാരായണൻ, ഡോ.എസ്. ശാരദക്കുട്ടി, എം.വി. ബെന്നി, പി.ജെ. ബേബി, അധ്യാപകനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം, സംഗീതസംവിധായകൻ ബിജിപാൽ, ഗായകൻ ഷഹബാസ് അമൻ, സംവിധായകൻ ആഷിഖ് അബു, വിമൻ ഇൻ സിനിമ കലക്ടീവിനെ പ്രതിനിധാനംചെയ്ത് നടി റിമ കല്ലിങ്കൽ, ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാവ് അജയ് തറയിൽ, എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ്, ലോക് താന്ത്രിക് ജനതാദൾ നേതാക്കളായ എം.വി. ശ്രേയാംസ് കുമാർ, ഡോ. വർഗീസ് ജോർജ്, എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ, വി.എസ്. അച്യുതാനന്ദെൻറ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു തുടങ്ങി നൂറുകണക്കിന് പേർ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടുവെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ തങ്ങളും പങ്കുചേരുന്നു. ഇതു സ്ത്രീകളുടെ തുറന്നുപറച്ചിലിന്റെ കാലമാണെന്നും റിമ പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികളടക്കം അവഗണിക്കുന്ന ഇവരുടെ സമരത്തിന് നീതി കിട്ടും വരെ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ആഷിഖ് അബുവും പറഞ്ഞു.
വിവിധ ജില്ലകളിൽനിന്ന് വിദ്യാർഥികളും വീട്ടമ്മമാരും അധ്യാപകരുമടക്കം രാവിലെ മുതൽ വഞ്ചിസ്ക്വയറിലെത്തിയിരുന്നു. ആദ്യദിവസങ്ങളെ അപേക്ഷിച്ച് സമരപ്പന്തൽ നിറഞ്ഞുകവിഞ്ഞു. ബിഷപ്പിനെതിരെ നടപടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. ഫ്രാങ്കോ ഉയർത്തുന്ന ആരോപണങ്ങളിൽ തളരില്ലെന്നും മഠത്തിൽനിന്ന് പുറത്താക്കിയാലും നീതിക്ക് ഏതറ്റം വരെയും പോകുമെന്നും അവർ പറഞ്ഞു. തുടക്കം മുതൽ കേസ് അട്ടിമറിക്കാനാണ് ശ്രമം. പൊലീസും ബിഷപ്പും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടിെൻറ ബാക്കിപത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അവർ പറഞ്ഞു.
അതിനിടെ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.