ഉപേക്ഷിക്കൽ മുതൽ കൊലപാതകം വരെ; ചോദ്യചിഹ്നമായി മുതിർന്നവരുടെ സുരക്ഷ
text_fieldsകൊച്ചി: മക്കളുടെ അതിക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരും അനാഥരാക്കപ്പെടുന്നവരുമായ മാതാപിതാക്കൾ വാർത്തകളിൽ നിറയുമ്പോൾ മുതിർന്ന പൗരന്മാരുടെ സുരക്ഷ ചോദ്യംചെയ്യപ്പെടുന്നു. മാതാപിതാക്കൾക്കെതിരെ ചെറുതും വലുതുമായ നിരവധി അതിക്രമങ്ങളാണ് അരങ്ങേറുന്നത്. നിരവധി കേസുകളിൽ പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. വയോധികരോടുള്ള അതിക്രമങ്ങൾക്കെതിരെ പരാതിപ്പെടാൻ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 14567 എന്ന എൽഡർ ലൈൻ ടോൾഫ്രീ നമ്പറിലേക്ക് നിരവധി പരാതികളാണ് വരുന്നത്.
ജനുവരി വരെ 82,000 പരാതികളാണ് എത്തിയത്. നേരിട്ട് ഇടപെടൽ ആവശ്യമായ 2841 കേസുകളിൽ ഫീൽഡ്തല ഇടപെടൽ നടത്തി. 2779 പരാതികൾ തീർപ്പാക്കി. ബാക്കിയുള്ള കാളുകൾ വൃദ്ധ സദനങ്ങളെക്കുറിച്ച് അറിയാനും നിയമപരമായ ആവശ്യങ്ങൾക്കും മാനസിക പിന്തുണക്കുമൊക്കെ വേണ്ടിയുള്ളതായിരുന്നു. പെൻഷൻ, സർക്കാർ പദ്ധതികൾ, എം.ഡബ്ല്യു.പി.എസ്.സി നിയമം എന്നിവയെക്കുറിച്ച് അറിയാനും നിരവധി വിളികളെത്തി. ഏതെങ്കിലും തരത്തിലുള്ള അതിക്രമത്തിന് ഇരയാകുന്നവർ ഉടൻ പൊലീസിനെയും സാമൂഹിക നീതി വകുപ്പിനെയും ബന്ധപ്പെടണമെന്ന് അധികൃതർ പറഞ്ഞു.
സുരക്ഷ വെല്ലുവിളികൾ നേരിടുന്ന വയോധികർക്കായി സർക്കാറിന്റെ വിവിധ പദ്ധതികളുണ്ട്. വയോരക്ഷ പദ്ധതിയിലൂടെ സാമൂഹിക, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അടിയന്തര വൈദ്യസഹായം, പുനരധിവാസം, നിയമസഹായം തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.
സംസ്ഥാനത്തെ ആറ് കോർപറേഷനുകൾ, 85 മുനിസിപ്പാലിറ്റികൾ, നാല് ബ്ലോക്കുകൾ എന്നിവിടങ്ങളിൽ വയോമിത്രം പദ്ധതിയുമുണ്ട്. ഇതിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് വരുമാന പരിധി ബാധകമാക്കാതെ സൗജന്യ ജീവിത ശൈലി രോഗനിയന്ത്രണ മരുന്നുകൾ, പാലിയേറ്റിവ് സേവനം, ഹെൽപ് ഡെസ്കിന്റെ സേവനം, കൗൺസലിങ്, വാതിൽപടി സേവനം എന്നിവ നൽകുന്നുണ്ട്. ഹെൽപ് ഡെസ്കിലൂടെ പുനരധിവാസം, നിയമസഹായം, ആംബുലൻസ് സേവനം തുടങ്ങിയവക്കുള്ള നടപടികളും ചെയ്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.