കനാലിൽ വീണ പെൺകുട്ടികൾക്ക് അബ്ബാസിന്റെ മനക്കരുത്തിൽ പുനർജന്മം
text_fieldsകിഴക്കമ്പലം: പെരിയാര്‍വാലി കനാലില്‍വീണ മൂന്ന് കുട്ടികള്‍ക്ക് പൊതുമരാമത്ത് കരാറുകാരനായ അബ്ബാസിന്റെ മനക്കരുത്തില്‍ പുനര്ജന്മം. പട്ടിമറ്റം അത്താണി ഭാഗത്തെ കനാലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
ബണ്ട് റോഡിലെ തുരുത്തേല്‍ അസൈനാര്‍, ഹംസ എന്നിവരുടെ വീട്ടില്‍ അതിഥികളായെത്തിയ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമായ മൂന്ന് പെണ്‍കുട്ടികളാണ് കനാലില്‍ കുളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ഒഴുക്കിൽപെട്ടത്. നീന്തലറിയാത്ത 10 വയസ്സുകാരി ഒഴുക്കിൽപെട്ടതോടെ മറ്റു രണ്ടുപേര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവരും ഒഴുക്കിൽപെടുകയായിരുന്നു.
ഈ സമയം കനാല്‍ബണ്ട് റോഡില്‍ കരാര്‍ ജോലിയുടെ ഭാഗമായി എത്തിയതായിരുന്നു ചെങ്ങര തണ്ടക്കാല ടി.എം. അബ്ബാസ്. കുട്ടികളുടെ ബന്ധുവായ ഒരാള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇദ്ദേഹത്തിന്റെയും കനാലില്‍ കുളിച്ചുകൊണ്ടിരുന്ന മറ്റു കുട്ടികളുടെയും കരച്ചില് കേട്ടാണ് അബ്ബാസ് ഓടിയെത്തുന്നത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് അബ്ബാസ് കനാലിലേക്ക് എടുത്തുചാടി മൂവരെയും രക്ഷിച്ച് കരക്കെത്തിച്ചു. വെള്ളം കുടിച്ച് അവശനിലയിലായ ഒരു കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് മാറ്റി.
മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വീട്ടിലേക്ക് കൊണ്ടുപോയി. അബ്ബാസിന്റെ അവസരോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ഫോണും വാച്ചും വെള്ളം കയറി നശിച്ചെങ്കിലും കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അബ്ബാസ്. സംഭവസ്ഥലത്തെത്തിയ ജനക്കൂട്ടം അബ്ബാസിനെ അഭിനന്ദിച്ചു.
മുസ്ലിം യൂത്ത് ലീഗ് മുന്‍ ജില്ല വൈസ് പ്രസിഡന്റായിരുന്നു. ചെങ്ങര ചിറങ്ങര മുസ്ലിം ജമാഅത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഹ്സാന്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമാണ് അബ്ബാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.