സമസ്ത-സി.ഐ.സി തർക്കം ഒഴിവാക്കാമായിരുന്നു -അബ്ദുൽ ഹകീം ഫൈസി
text_fieldsമലപ്പുറം: സമസ്ത -സി.ഐ.സി പ്രശ്നം ഒഴിവാക്കാമായിരുന്നെന്ന് സി.ഐ.സി (കോഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ്) ജനറല്‍ സെക്രട്ടറി (കെയർ ടേക്കർ) അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
സമുദായം ഇങ്ങനെയൊരു തർക്കം ഇഷ്ടപ്പെടുന്നില്ലെന്നും പ്രശ്നങ്ങൾ ഒഴിവാക്കാൻ സി.ഐ.സിയുടെ ഭാഗത്തുനിന്ന് കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായെന്നും അദ്ദേഹം പറയുന്നു. സമസ്തയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയെ സ്വാഗതം ചെയ്യുന്നു. വിദ്യാഭ്യാസ സംവിധാനങ്ങൾ ധാരാളമുണ്ടാകണം.
വാഫി- വഫിയ്യ സ്ഥാപനങ്ങൾ അടർത്തിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായറിയുന്നുവെന്നും ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കുമുണ്ടാകുന്ന അസ്വസ്ഥതയിൽ താനും പങ്കുചേരുകയാണെന്നും അബ്ദുൽ ഹകീം ഫൈസി പറഞ്ഞു.
ആദൃശ്ശേരിയുടെ കുറിപ്പിന്റെ പൂർണരൂപം
ആരോഗ്യകരമായ മത്സരത്തിന് സ്വാഗതം.
-----------------------
'സമസ്ത'യുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയെ(SNEC) സ്വാഗതം ചെയ്യുന്നു. ജനം കൂടുകയാണ്; പഠിക്കുന്നവരും കൂടുകയാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ സംവിധാനങ്ങൾ ധാരാളമുണ്ടാകണം. അവ തമ്മിൽ ആരോഗ്യകരമായ മത്സരം നടക്കണം. മത്സരത്തിന്റെ ഫലമായി ഗുണനിലവാരം ഉയരുമല്ലോ. നിലവിലുള്ളവയെ ഗുണനിലവാരമുയർത്തി മറികടന്നു പോകാനാകണം ശ്രമം. നിലവിലുള്ള 'വര' മായ്ച്ചു കളയാതെ അതിലേറെ 'വലിയ വര'യിട്ടു ചെറുതാക്കാൻ പറ്റണം. പറ്റിയാൽ വളരെ നന്ന്.
ഇപ്പോൾ വാഫി വഫിയ സ്ഥാപനങ്ങൾ അടർത്തിയെടുക്കാൻ ശ്രമങ്ങൾ നടക്കുന്നതായറിയുന്നു. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങൾക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന അസ്വസ്ഥതയിൽ പങ്കുചേരുകയും പാണക്കാട് കുടുംബത്തിന്റെ ഉത്തരവാദിത്വ പൂർണ്ണമായ നേതൃത്വത്തിലുള്ള ഈ സംവിധാനം ശാന്തമായി മുന്നോട്ടുപോകുമെന്ന് പ്രാർത്ഥനാപൂർവ്വം പ്രത്യാശിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് പുനരധിവാസം നൽകാൻ നിലവിലുള്ള സ്ഥാപനങ്ങൾ പരമാവധി സജ്ജമാണ്; (സിഐസി ഓഫീസ് വേണ്ടത് ചെയ്തുകൊണ്ടിരിക്കുന്നു). ആധുനിക സൗകര്യങ്ങൾ നമുക്ക് പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യാം. അതേ സമയം നിയമ വിധേയമായി സ്വമേധയാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിരിഞ്ഞു പോകാം. സ്ഥാപനങ്ങൾക്ക് കുട്ടികളോട് ഉത്തരവാദിത്തങ്ങൾ ഉണ്ട് താനും. കുട്ടികൾ പഠനം പാതി വഴിയിൽ ഉപേക്ഷിക്കരുത്. ലഭ്യമായ നമ്മുടെ വഴികൾ പ്രയോജനപ്പെടുത്തുക. CIC കാൽനൂറ്റാണ്ടായി സഞ്ചരിച്ച വഴിയിൽ യാതൊരു മാറ്റവുമില്ലാതെ സവിനയം മുന്നോട്ട് പോവുകയാണ്; അവസാന സ്ഥാപനത്തിലെ അവസാനത്തെ കുട്ടിയും പടിയിറങ്ങുന്നത് വരെ ഒപ്പം നിൽക്കാൻ പ്രതിജ്ഞാ ബദ്ധമാണ്. അത് ആരെയും പിടിച്ചു നിറുത്താൻ നെട്ടോട്ടം നടത്തുന്നില്ല.
പുതിയ വിദ്യാഭ്യാസ വർഷത്തിലേക്ക് കടക്കുകയാണ് നാം. പതിവുപോലെ പ്രചരണ ക്യാമ്പയിനിൽ നമുക്ക് സജീവമാകാം. പുതിയ സാഹചര്യത്തിൽ ക്വാളിറ്റി ഉയര്‍ത്താൻ നമുക്ക് പുതിയ പ്രതിജ്ഞയെടുക്കാം.
സമസ്ത സി.ഐ.സി പ്രശ്നം സമൂഹത്തിന് വലിയ മെനക്കേടായിരിക്കുകയാണ്. ഒഴിവാക്കാമായിരുന്നു ഈ ദുരന്തം . സമുദായവും ഇസ്ലാമും ഇങ്ങനെയൊരു ദ്വിത്വം ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ സി.ഐ.സിയുടെ ഭാഗത്തുനിന്ന് അത് ഒഴിവാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായിട്ടുണ്ട്:
1)19/2/22 നു ആലിക്കുട്ടി ഉസ്താദിന്റെ വീട്ടിൽ ചെന്നു ഞാൻ രാജി സന്നദ്ധത അറിയിച്ചു. ("ശൈഖുനാ ശംസുൽ ഉലമ(ന.മ)യുടെ സമീപനമാണ് ഞാൻ സ്വീകരിക്കുന്നത്, ഖുർആൻ പരിഭാഷ ചെയ്യാമെന്നു പറഞ്ഞ കെ.വി ഉസ്താദിനെ അദ്ദേഹം ഉൾക്കൊണ്ടല്ലോ" എന്നായിരുന്നു പ്രതികരണം).
2) 1/7/22 നു CIC പ്രസിഡന്റ് സാദിഖലി തങ്ങൾ അന്നു വരെ സമസ്ത ഉന്നയിച്ച എല്ലാ ഡിമാന്റുകളും അംഗീകരിച്ചു കൊണ്ട് കത്ത് കൊടുത്തു.
3) 22/9/22 നു വീണ്ടും ഡിമാന്റുകൾ വന്നു! ഇരുഭാഗവും ആശ്വാസത്തിൽ ചര്‍ച്ച ചെയ്യാൻ ധാരണ.13/10/22 ൽ അതിനു അനുകൂല മറുപടി കൂടി.
4) എന്നെ വ്യക്തിഹത്യ ചെയ്യില്ലെന്നു എം ടി ഉസ്താദ് കൊടുത്ത ഉറപ്പ് മുൻ നിറുത്തി 8/11/22 നു ഞാൻ സാദിഖലി തങ്ങളോട് രാജി സന്നദ്ധത അറിയിച്ചു. പക്ഷേ 9/11/22 നു മുശാവറ എന്നെ ആദർശ വ്യതിയാനവും മറ്റും ആരോപിച്ചു പുറത്താക്കി.
5) സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതു പ്രകാരം 22/2/23 നു ഞാൻ രാജി കൊടുത്തു. (അതൊരു കാഴ്ചപ്പാടിന്റെ രാജിയായതിനാൽ കൂടെ 118 രാജി). പിന്നെയും ശാന്തമായി നടന്നുകൊണ്ടിരിക്കുന്ന ഈ വിദ്യാകുടുംബം ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്:
21/ 3/ 23 ന് സാദിഖലി തങ്ങൾ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ പ്രഖ്യാപിച്ചു. അതോടെ സമ്മർദ്ധങ്ങളേറി.28/ 3/ 23 നു പാണക്കാട് കുടുംബം ഞങ്ങളെ വിളിച്ചു. 4/4/23 നു ജനറൽ ബോഡി വിളിക്കാനും ജനറൽബോഡി എന്റെ രാജി തള്ളിയാൽ നേരത്തേ രാജിവച്ച ഞാൻ തൽസമയം വീണ്ടും രാജിവച്ച് ഒഴിയാനും ധാരണയായി. പക്ഷെ 1/4 / 23 നു സമസ്ത മുശാവറ എന്നെ ഇസ്ലാമിക വിശ്വാസവിരുദ്ധനും പ്രവാചകനിന്ദകനുമാക്കി ചാപ്പ കുത്തി !! തുടർന്നു 4/4/23നു ചേരാൻ നിശ്ചയിച്ച ജനറൽബോഡി നിർത്തിവെക്കാൻ തീരുമാനിച്ചു. ഞങ്ങൾ കെയർ ടേക്കർമാരായി വീണ്ടും തുടരുന്നു. വേറെ നിവൃത്തിയില്ല.
സമസ്ത പ്രശ്നത്തിന് പരിഹാരമുണ്ട്. വളരെ ലളിതമാണത്. (ഇതു മുഖം തന്നവരോടൊക്കെ പലവട്ടം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്):
1) കുറ്റാരോപിതരുടെ ഭാഗം കേൾക്കുക എന്ന അങ്ങേയറ്റം സാമാന്യമായ മര്യാദ പാലിക്കുക; ദുർവ്യാഖ്യാനം ഉപേക്ഷിക്കുക.
2) നിലവിൽ സമസ്തക്കുള്ളിലുള്ള വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ പ്രകടമായ വീക്ഷണവ്യത്യാസങ്ങളുണ്ട്; മുൻപ് ഉണ്ടായിട്ടുമുണ്ട്. സി ഐ സി യെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഒഴിവാക്കുക. (ഞങ്ങൾ 'സമസ്ത സുന്നി'കളാണ്. സമസ്തയുടെ ആശയാദർശങ്ങൾ ഇപ്പോഴും ഞങ്ങൾ അംഗീകരിക്കുന്നു. ഭരണപരവും ശൈലീപരവുമായ ചില കാര്യങ്ങളിൽ സ്വാഭാവികമായ വ്യത്യാസങ്ങളുണ്ട്. അത് CIC യിൽ മാത്രമല്ല മറ്റു പലതിലുമുണ്ടെന്നുറപ്പ്! കാൽ നൂറ്റാണ്ടിനിടയിൽ ആശയാദർശങ്ങളിൽ യാതൊരു വ്യതിയാനവും സംഭവിച്ചിട്ടില്ല എന്ന് കുറ്റാരോപിതനായ വ്യക്തി സാക്ഷ്യപ്പെടുത്തുന്നു. വ്യക്തിയുടെ കാര്യം സാക്ഷ്യപ്പെടുത്തേണ്ടത് വ്യക്തി തന്നയാണല്ലോ! اقتلته بعد ما قال لا اله الا الله) ഞങ്ങളെക്കൂടി ഉൾക്കൊള്ളുക; സമൂഹത്തെ ഛിദ്രതയിലേക്ക് തള്ളി വിടാതിരിക്കുക.
ഊര് വിലക്കും ബഹിഷ്കരണവും അപരിഷ്കൃതമാണെന്നെങ്കിലും നാം തിരിച്ചറിയുക!
സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞിട്ടുള്ളത് പോലെ വാഫി വഫിയ്യ സംവിധാനം ന്യൂജെൻ അവകാശമാണ്. ഈ മതനിരാസ കാലത്ത് പുതിയ തലമുറയെ രക്ഷിക്കാൻ നമുക്ക് കൈ കോർക്കാം. നാഥൻ തുണക്കട്ടെ (ആമീൻ)
- അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(സെക്രട്ടറി, വാഫി വഫിയ്യ)
12-04-2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.