അബ്ദുൽ ജലീൽ വധം: മൂന്ന് പേർ കൂടി കസ്റ്റഡിയിൽ
text_fieldsപെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി വാക്യത്തൊടി അബ്ദുള്‍ ജലീലിനെ (42) മർദിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍. കൊണ്ടോട്ടി, എടത്തനാട്ടുകര, ആക്കപ്പറമ്പ് സ്വദേശികളാണ് ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലായത്. ജലീലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പെരിന്തല്‍മണ്ണയിലെത്തിച്ച കൊണ്ടോട്ടി സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മാനത്തുമംഗലത്തെ വീട്ടില്‍ അവശനായി കിടന്ന അബ്ദുള്‍ ജലീലിനെ പരിചരിക്കുകയും ആശുപത്രിയിലേക്ക് കാറില്‍ കയറ്റിക്കൊടുക്കുകയും ചെയ്തയാളും കേസിലെ മുഖ്യപ്രതി യഹിയയെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളുമാണ് മറ്റ് രണ്ടുപേർ.
കേസിലെ മുഖ്യപ്രതിയടക്കമുള്ള ഒമ്പത് പേര്‍ ഇതിനകം അറസ്റ്റിലായിരുന്നു. അഞ്ച് പ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. യഹിയയെയും കൂട്ടുപ്രതി മുഹമ്മദ് അബ്ദുള്‍ അലിയെയും (അലിമോന്‍) ചൊവ്വാഴ്ച മാനത്തുമംഗലത്തെയും ജൂബിലി റോഡിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
അബ്ദുള്‍ ജലീലിന്റെ ലഗേജും ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധങ്ങളും കണ്ടെടുത്തു. നേരിട്ട് ബന്ധമുള്ള രണ്ടുപേര്‍ വിദേശത്തേക്ക് കടന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ക്കായി അന്വേഷണം തുടങ്ങി. മുഖ്യപ്രതി യഹിയയുടെ പങ്കാളികളായവരെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്. തുടക്കം മുതല്‍ സഹായികളായി പ്രവര്‍ത്തിച്ചവരെയെല്ലാം പിടികൂടുമെന്ന് ജില്ല പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് കടന്നവരടക്കം നാലു പേരാണ് നേരിട്ട് കൃത്യത്തിൽ പങ്കെടുത്തവരിൽ അറസ്റ്റിലാകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.