മുസ്‌ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷൻ വി.കെ. അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു
text_fieldsകണ്ണൂര്‍: ഹരിതരാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൾ ഖാദര്‍ മൗലവി (79) അന്തരിച്ചു. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂർ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീണ മൗലവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉച്ച മൂന്നു മണിയോടെ കണ്ണൂര്‍ താണയിലെ സ്‌പെഷാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടു മണിക്ക് സിറ്റി ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍.
അരനൂറ്റാണ്ട് നീണ്ട പൊതുപ്രവർത്തനത്തിൽ രാഷ്ട്രീയത്തിനും സമുദായത്തിനും അതീതമായ സ്വീകാര്യത നേടിയ വ്യക്തിയാണ് അബ്ദുൽ ഖാദർ മൗലവി. 1960കളില്‍ മുസ്ലിം ലീഗ് അലവില്‍ ശാഖാ പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശം. അവിഭക്ത കണ്ണൂര്‍ ജില്ല എം.എസ്.എഫ് വൈസ് പ്രസിഡൻറ്, യൂത്ത് ലീഗ് കണ്ണൂര്‍ താലൂക്ക് പ്രസിഡൻറ്, മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ല സെക്രട്ടറി, ജനറല്‍ സെക്രട്ടറി, പ്രസിഡൻറ്, 1975 മുതല്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
1987 നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി മൗലവിയായിരുന്നു. നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങിയ ശേഷം സി.പി.എം വിട്ട് യു.ഡി.എഫിലേക്ക് വന്ന എം.വി. രാഘവന് വേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കണ്ണൂര്‍ സ്പിന്നിംഗ് മില്‍, കയര്‍ഫെഡ് എന്നിവയുടെ ഡയറക്ടറും ഹാന്വീവിെൻറയും ടെക്സ്റ്റൈല്‍ കോര്‍പറേഷെൻറയും ചെയര്‍മാനുമായിരുന്നു. മാടായി ഡിവിഷനിൽനിന്ന് ഓരോ തവണ വീതം കണ്ണൂര്‍ ജില്ല കൗണ്‍സിലിലേക്കും ജില്ല പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2006ല്‍ പെരിങ്ങളം നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.പി. മോഹനനോട് പരാജയപ്പെട്ടു.
1942 ജൂലൈ 15ന് മുഹമ്മദിെൻറയും വാഴയില്‍ മറിയത്തിെൻറയും മകനായി ജനിച്ച മൗലവി 1970 മുതല്‍ 27 വര്‍ഷക്കാലം അഴീക്കല്‍ കിഫായത്തുല്‍ ഇസ്ലാം മദ്റസ സ്‌കൂളില്‍ അറബി അധ്യാപകനായിരുന്നു. ബീഫാത്തുവാണ് ഭാര്യ. റയീസ ഏക മകളാണ്. മരുമകൻ: എസ്.എ.പി ഇസ്മായീല്‍. സഹോദരങ്ങൾ: പരേതരായ ബീഫാത്തു, അബൂബക്കര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.