ഇരുളിനെ തോൽപിച്ച് 72ൽ പ്ലസ് ടുക്കാരനായി അബ്ദുൽ ഖാദർ
text_fieldsപട്ടിക്കാട്: കണ്ണിലെ ഇരുളിനെയും പ്രായാധിക്യത്തെയും തോൽപിച്ച് പ്ലസ്ടു തുല്യത പരീക്ഷയിൽ വിജയം നേടി അബ്ദുൽ ഖാദർ. വെളിച്ചമണഞ്ഞ ആ കണ്ണുകളില് പരീക്ഷയുടെ ഫലമറിഞ്ഞപ്പോൾ ആത്മവിശ്വാസത്തിന്റെ തിളക്കം. കീഴാറ്റൂർ കണ്ണ്യാല മാടത്തിങ്ങൽ അബ്ദുൽ ഖാദറാണ് (72) പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുല്യത പരീക്ഷയെഴുതി വിജയം നേടിയത്.
2023ൽ പ്ലസ്ടു പരീക്ഷയെഴുതിയെങ്കിലും ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ തോറ്റുപോയി. എന്നാൽ, പിൻമാറാൻ തയാറായിരുന്നില്ല. 2024ൽ തോറ്റുപോയ വിഷയങ്ങൾ കൂടി എഴുതിയെടുത്താണ് വിജയമധുരം നുകർന്നത്. ബ്രെയിലി ലിറ്ററസി സാക്ഷരതയിലൂടെയാണ് പുതുവിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കാൻ തുടങ്ങിയത്. തുടർന്ന് നാല്, ഏഴ്, പത്ത് ക്ലാസുകൾ തുല്യതാപരീക്ഷയെഴുതി വിജയിച്ചു. തുടർന്നാണ് പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ പൂർത്തിയാക്കിയത്.
തുല്യത പഠനകേന്ദ്രം കോഓഡിനേറ്റർ അഷ്റഫ് മണ്ണാർമലയും അധ്യാപകരും മികച്ച പിന്തുണ നൽകി. കുട്ടിക്കാലത്ത് നഷ്ടമായ കാഴ്ച തിരികെ ലഭിക്കാൻ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 18 വയസ്സിനിടെ ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയതിന്റെ ഫലമായി കണ്ണട ഉപയോഗിച്ച് ചെറിയ തോതിൽ കാഴ്ച ലഭിച്ചിരുന്നു. എന്നാൽ, കാലക്രമേണ കണ്ണിൽ വീണ്ടും ഇരുട്ട് കയറി.
2010ന് ശേഷം മൂന്ന് ശസ്ത്രക്രിയകൾ കൂടി നടത്തിയെങ്കിലും അബ്ദുൽഖാദറിന്റെ കണ്ണുകൾ വെളിച്ചത്തെ സ്വീകരിക്കാൻ പര്യാപ്തമായില്ല. എന്നാൽ അറിവ് നേടാനുള്ള ആഗ്രഹത്തെ ഉപേക്ഷിക്കാൻ അദ്ദേഹം തയാറായതുമില്ല.
സ്ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷകളെഴുതിയത്. കുട്ടിക്കാലത്ത് സ്കൂളിൽ പോകാൻ സാധിക്കാത്ത വേദനക്കിടയിലും മതവിദ്യാഭ്യാസം നേടാനും ഇദ്ദേഹത്തിനായി. മതവിദ്യാഭ്യാസത്തിലൂടെ ലഭിച്ച അറിവുകൾ പുതുതലമുറക്ക് പകർന്നു നൽകാനും സാധിച്ചു.
25 വർഷത്തോളം മദ്റസാധ്യാപകനായിരുന്നു. പഠനം തുടരുമെന്നും ബിരുദം നേടാനാണ് ആഗ്രഹമെന്നും അബ്ദുൽ ഖാദർ പറഞ്ഞു. പെരിന്തൽമണ്ണ േബ്ലാക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, തുല്യത പഠനകേന്ദ്രം കോഓഡിനേറ്റർ അഷ്റഫ് മണ്ണാർമല, ക്ലാസ് ലീഡർ സാലിമ എന്നിവർ വീട്ടിലെത്തി അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.