‘മകനേ റബ്ബ് കാത്തു...’
text_fieldsഫറോക്ക്: നിരാശയുടെ ഇരുൾ നീങ്ങി മലയാളി മനസ്സിന്റെ കാരുണ്യവെട്ടത്തിൽ ലക്ഷ്യം കാണാമെന്നായതോടെ ആ ഉമ്മയുടെ മനവും തെളിഞ്ഞു. സൗദിയിൽ നിന്ന് വിളിച്ച പ്രിയ മകൻ റഹീമിനോട് പറയാൻ വാക്കുകൾക്കായി അവർ പരതി. മകനേ റബ്ബ് കാത്തു... സന്തോഷക്കണ്ണീരിനിടയിൽ ആ ഉമ്മക്ക് അത്രയേ പറയാനായുള്ളൂ.. ധനസമാഹരണം ഇഴഞ്ഞുനീങ്ങിയ ആദ്യനാളുകളിലൊന്നിൽ നിരാശയോടെ റഹീം ഉമ്മയോട് പറഞ്ഞിരുന്നു:
‘എന്റെ ജീവിതത്തിന്റെ ഒരു വലിയ കാലം കടന്നുപോയി,18 വർഷമായി പുറം ലോകം കാണുന്നില്ല. ഇനി നാട്ടിൽ എത്തിയിട്ടു പ്രയോജനവുമില്ല, അതു കൊണ്ട് അവർ തൂക്കിലേറ്റട്ടെ..’ . നെഞ്ചുമുറിഞ്ഞു പോവുന്ന ആ വാക്കുകൾക്കൊപ്പം ഉള്ളിൽ നിറഞ്ഞ ആളലിനാണ് ഇപ്പോൾ ഒരൽപം അറുതിയായിരിക്കുന്നത്.
വിദേശജോലി സ്വപ്നം കണ്ട് 22ാം വയസിൽ സൗദിയിലെത്തിയ അബ്ദുൽ റഹീം ജോലിയിൽ പ്രവേശിച്ച് ഇരുപത്തിയെട്ടാമത്തെ ദിവസമായിരുന്നു വധശിക്ഷക്ക് വഴിവെച്ച സംഭവം. ഡ്രൈവർ വിസയിൽ ജോലിയിൽ പ്രവേശിച്ച റഹീമിനെ സൗദി കുടുംബത്തിന് ഒത്തിരി ഇഷ്ടമായിരുന്നു. ആറ്റുനോറ്റു പിറന്ന മകനെ ശുശ്രൂഷിക്കുന്ന ജോലി കൂടി ഈ കുടുംബം റഹീമിനെ ഏൽപിച്ചു. ജന്മനാ അസുഖബാധിതനായ, സംസാരശേഷിയില്ലാത്ത കുഞ്ഞിന്റെ അന്നനാളത്തിലേക്ക് ഘടിപ്പിച്ച കുഴലിൽ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടി, അബോധാവസ്ഥയിലായ കുട്ടി മരിയ്ക്കുകയായിരുന്നു.
വധശിക്ഷ വിധിച്ച കോടതിയിൽ നിന്ന് മേൽകോടതി വരെ കേസ് നീണ്ടു. റിയാദിൽ പ്രവർത്തിക്കുന്ന 60ഓളം സംഘടനകൾ സംയുക്തമായാണ് കേസ് നടത്തിയത്. അവർ എംബസി മുഖാന്തിരം ശക്തമായ ഇടപെടലും നടത്തി. ഒടുവിൽ ഏപ്രിൽ 16 നകം 34 കോടി ഇന്ത്യൻ രൂപ ദിയാധനം നൽകിയാൽ വധശിക്ഷ ഒഴിവാക്കാമെന്ന് കുടുംബം തീരുമാനമെടുത്തു. കഴിഞ്ഞ ഞായറാഴ്ച വരെ വെറും നാലര കോടിയായിരുന്നു അക്കൗണ്ടിലെത്തിയത്. തിങ്കളാഴ്ചയോടെ ചിത്രമാകെ മാറി. ദിവസങ്ങൾക്കുള്ളിൽ 8...13...17 കോടിയായി. പെരുന്നാൾ കഴിഞ്ഞതോടെ പണം വരവ് വർധിച്ചു. വെള്ളിയാഴ്ച 34 കോടി പൂർത്തിയായി. ലോകത്തുള്ള മുഴുവൻ കണക്കുകളും എത്തുമ്പോൾ ഇതു 40 കോടി കവിയാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.