'ജീവിക്കാൻ വേറെ വഴിയില്ല, പൊലീസ് ഓട്ടോ വിട്ടുതരുന്നില്ല'; ജീവനൊടുക്കും മുമ്പ് അബ്ദുല്‍ സത്താറിന്‍റെ ഫേസ്ബുക് വിഡിയോ
text_fieldsകാസർകോട്: ഉപജീവനമാർഗമായ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താർ (55) മരണത്തിന് മുമ്പ് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജീവിക്കാൻ വേറെ വഴിയില്ലെന്നും പൊലീസ് ഓട്ടോ വിട്ടുതരുന്നില്ലെന്നുമാണ് ഇദ്ദേഹം വിഡിയോയിൽ പറയുന്നത്.
'യാത്രക്കാരുമായി പോകുന്നതിനിടെ ഷാജിയെന്ന ഹോം ഗാര്‍ഡ് വന്ന് മുന്നോട്ടുപോകാന്‍ പാടില്ലെന്ന് പറഞ്ഞു. ആ റോഡ് ഒഴിഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ക്ക് മുന്നിലോട്ടും പിറകിലോട്ടും പോകാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ഹോം ഗാര്‍ഡ് എസ്.ഐയെ വിളിക്കുകയായിരുന്നു. പിന്നാലെ എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോകുകയും ചെയ്തു. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ എനിക്കെതിരെ ഏതാനും വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ പരാതിയുമായി നേരെ എസ്.പി ഓഫീസില്‍ പോയി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞു. പരാതിയുമായി ഡി.വൈ.എസ്.പിയെ സമീപിച്ചു' -സത്താർ വിഡിയോയില്‍ പറയുന്നു.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താറാണ് (55) കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. നാലുദിവസം മുമ്പ് കാസര്‍കോട് ഗീത ജങ്ഷന് റോഡില്‍വെച്ച് അബ്ദുല്‍ സത്താര്‍ ഗതാഗതനിയമം ലംഘിച്ചുവെന്ന കുറ്റത്തിന് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വിട്ടുകിട്ടാൻ പലതവണ സ്റ്റേഷനിൽ ബന്ധപ്പെട്ടുവെങ്കിലും നൽകാൻ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കാൻ നിര്‍ദേശം നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കീഴുദ്യോഗസ്ഥർ തടഞ്ഞുവെച്ചു. ഇതിനുപിന്നാലെ, തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുല്‍ സത്താറിനെ ക്വാര്‍ട്ടേഴ്സിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരനായ പൊലീസുകാർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഓട്ടോ ഡ്രൈവർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത് ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തി. പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്.ഐ അനൂപിനെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ല പൊലീസ് മേധാവി ഡി. ശില്പ സ്ഥലംമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.