അബ്ദുല്ലയുടെ ഖബറിൽ മകൻ മനോഹരൻ ആദ്യ പിടി മണ്ണിട്ടു; മനുഷ്യസ്നേഹത്തിന്‍റെ വിശാലതയിൽ നിത്യനിദ്ര
text_fieldsആറാട്ടുപുഴ: മതമൈത്രിയുടെയും മനുഷ്യസ്നേഹത്തിന്‍റെയും വിശാലതയിൽ അബ്ദുല്ലക്ക് നിത്യനിദ്ര. ഹിന്ദുമതത്തിൽ നിന്നും ഇസ്ലാം മതത്തിലേക്ക് മാറിയ ആറാട്ടുപുഴ പാനൂർ വടക്കേ ചിറയിൽ സുകുമാരനെന്ന അബ്ദുല്ലയുടെ (95) അന്ത്യയാത്രയാണ് മനുഷ്യസ്നേഹത്തിന്‍റെ മാതൃകയായത്. അബ്ദുല്ലയുടെ വിശ്വാസത്തെ ബഹുമാനിച്ച കുടുംബം ഇസ്ലാമിക വിശ്വാസ പ്രകാരമുള്ള ഖബറടക്കത്തിന് അനുവാദം നൽകുകയായിരുന്നു.
പരേതൻ്റെ വിശ്വാസത്തെ ആദരിച്ച കുടുംബവും അവരെ ചേർത്ത് പിടിച്ച് ആരാധനാലയത്തിൻ്റെ വാതിലുകൾ അവർക്കു മുന്നിൽ തുറന്നിട്ടു കൊടുത്ത പാനൂർ ജമാഅത്ത് കമ്മിറ്റിയുമാണ് മതങ്ങൾക്കും മനുഷ്യർക്കും ഇടയിലെ സൗഹാർദ്ദം വിളക്കി ചേർത്ത് മാതൃകയായത്.
വർഷങ്ങൾക്ക് മുമ്പാണ് സുകുമാരൻ ഇസ്ലാം മതം സ്വീകരിച്ച് അബ്ദുല്ലയായി മാറിയത്. ഭാര്യയടക്കം കുടുംബത്തിലെ മറ്റെല്ലാവരും തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സുകുമാരൻ്റെ അടിയുറച്ച തീരുമാനത്തിന് മുന്നിൽ കുടുംബത്തിൻ്റെ എതിർപ്പ് കാലക്രമേണ അലിഞ്ഞില്ലാതായി.
സ്വന്തം വിശ്വാസം മുറുകെ പിടിച്ച് കുടുംബത്തോടൊപ്പം കഴിഞ്ഞ അബ്ദുള്ള കഴിഞ്ഞ ദിവസമാണ് മരിച്ചത്. പിതാവിൻ്റെ വിശ്വാസവും ആഗ്രഹങ്ങളും മാനിച്ച് കുടുംബം മരണ വിവരം ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ അറിയിച്ചു. ഹിന്ദു ആചാരപ്രകാരമുള്ള പ്രാർഥനകളും കർമങ്ങളും നടത്തിയ ശേഷം മൃതദേഹം, ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. മക്കളും ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു.
പാനൂർ ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പാലത്തറ പള്ളിയുടെ മദ്രസാ ഹാളിൽ വെച്ച് മക്കളുടെയും ബന്ധുക്കളുടേയും സാന്നിധ്യത്തിൽ ഇസ്ലാം മതവിശ്വാസ പ്രകാരം കുളിപ്പിച്ചതിന് ശേഷം അവിടെ പൊതുദർശനത്തിന് വെച്ചു. തുടർന്ന് പാലത്തറ ജുമാ മസ്ജിദിൽ നടന്ന പ്രാർഥനയിൽ മക്കളിൽ ചിലരും ഏതാനും ബന്ധുക്കളും വിശ്വാസികളോടൊപ്പം പള്ളിക്കുള്ളിൽ മുൻ നിരയിൽ നിന്നുകൊണ്ട് പങ്കെടുത്തു.
മൃതദേഹം പാലത്തറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മൂത്ത മകൻ മനോഹരനാണ് ഖബറിലേക്ക് ആദ്യ പിടി മണ്ണിട്ടത്. വീട്ടുകാർക്കും ബന്ധുക്കൾക്കും സന്ദർശിക്കാൻ സൗകര്യപ്പെടുന്ന സ്ഥലത്തു തന്നെയാണ് അബ്ദുള്ളക്കായി പാലത്തറ ജുമാ മസ്ജിദ് ഖബറൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.