ഈ 'കോമളി' സഖ്യം കോൺഗ്രസ് മുക്ത കേരളത്തിന് തണലേകും -അബ്ദുല്ലക്കുട്ടി
text_fieldsകണ്ണൂർ: കോൺഗ്രസ്, മാർക്സിസ്റ്റ്, ലീഗ് സഖ്യം പിണറായിക്ക് തുണയായെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. ഈ 'കോമളി' സഖ്യം കോൺഗ്രസ് മുക്ത കേരളത്തിന് തണലാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതിന്‍റെ മികച്ച വിജയത്തിന് പിന്നാെലയാണ് അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹാസവുമായി രംഗത്ത് വന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല ശാസ്താവിനെ മനസിൽ ധ്യാനിച്ചു വേണം ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്യാനെന്ന് അബ്ദുല്ലക്കുട്ടി വോട്ടുചെയ്ത ശേഷം പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അവകാശവാദത്തിന് കനത്ത തിരിച്ചടിയേറ്റതിനക്കുറിച്ചും തോൽവിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പിലിൽ നിന്നും ജനവിധി തേടിയ അനുജൻ എ.പി. ഷറഫുദ്ദീന്‍ 20 വോട്ട് മാത്രമാണ് ലഭിച്ചത്. മുസ്ലിം ലീഗിെൻറ സൈഫുദ്ദീൻ നാറാത്ത് 677 വോട്ടുമായി ഒന്നാമതെത്തി. 318 വോട്ട് നേടി എസ്.ഡി.പി.ഐ ആണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. 125 വോട്ടുകളുമായി സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീൻ താമസിക്കുന്നത്. ബി.ജെ.പിയും എൻ.ഡി.എയും ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും കളളപ്രചാരണങ്ങള്‍ക്ക് തിരിച്ചടി നൽകാനാണ് താനും സഹോദരനെപ്പോലെ ബി.ജെ.പിയിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഷറഫുദ്ദീന്‍ നേരത്തേ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.