'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല' -അബ്ദുന്നാസര്‍ മഅ്ദനി
text_fieldsകോഴിക്കോട്: പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേര്‍ന്നതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. 'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ' എന്നാണ് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഭാരമേൽപ്പിക്കുന്നത് അല്ലാഹുവിനെയാണെങ്കിൽ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നും മഅ്ദനി പറയുന്നു.
പൂന്തുറ സിറാജ് പാർട്ടി വിട്ട് ഐ.എൻ.എല്ലിൽ ചേർന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.ഇതിന് പിന്നാലെ അച്ചടക്കലംഘനത്തിന്‍റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അബ്ദുന്നാസര്‍ മഅ്ദനി ബംഗളൂരുവില്‍ നിന്ന് അറിയിച്ചിരുന്നു.
പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളിലും ഉള്‍പ്പെടെ പാര്‍ട്ടി പരിപാടികളിൽ പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്‍റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.
ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് സിറാജിന്‍റെ നീക്കം.
പി.ഡി.പിയുടെ വര്‍ക്കിങ് ചെയര്‍മാനായിരുന്നെങ്കിലും സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേത്തട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പി.ഡി.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിശദീകരണം. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.